കോഴിക്കോട്ട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ ഡോക്ടറുടെ മൃതദേഹം ഖബറടക്കി. വയനാട് കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളും താമരശ്ശേരി പുത്തൻവീട്ടിൽ ഫരീദിന്റെ ഭാര്യയുമായ തൻസിയ(25)യുടെ മൃതദേഹമാണ് കണിയാമ്പറ്റ പള്ളിമുക്ക് പള്ളിയിൽ ഖബറടക്കിയത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥിനിയായ തൻസിയയെ കൂട്ടുകാരിയും ഡോക്ടറുമായ ജസ് ലയുടെ പാലാഴിയിലെ ഫ്ളാറ്റിൽ ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപസ്മാര രോഗത്തിന് ചികിൽസ തേടിയിരുന്നു തൻസിയ. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
|
ഡോക്ടർ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയയെ രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ആസിഫ്, അൻസില എന്നിവർ സഹോദരങ്ങളാണ്. അതേസമയം തൻസിയയെ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ എന്നതിനു പകരം സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന മാധ്യമവാർത്തകൾ തെറ്റിദ്ധാരണ പരത്തുകയും ഇതുമൂലം കുടുബത്തിനു മനോവിഷമം ഉണ്ടാക്കിയെന്നും ബന്ധുക്കൾ വ്യക്തമാക്കി.


