പത്തനംതിട്ട: റാന്നിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലുണ്ടായ അടിപിടിക്കൊടുവില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. റാന്നി മന്ദമരുതിയില്‍ ഉണ്ടായ സംഭവത്തില്‍ ചേതോങ്കര സ്വദേശി അമ്പാടിയാണ് (24) കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പത്തനംതിട്ട പൊലിസ് അറിയിച്ചു.
|
കഴിഞ്ഞദിവസം രാത്രിയില്‍ റാന്നിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ സംഘം ചേര്‍ന്ന് യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടതാണ് പിന്നീട് അടിപിടിയിലേക്ക് വഴിമാറിയത്. ഇതിനുപിന്നാലെയാണ് അമ്പാടിയെ വാഹനംകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളായ അജോയ്, അരവിന്ദ്, ശ്രീക്കുട്ടന്‍ എന്നിവര്‍ മുങ്ങി.
മൂന്ന് പേര്‍ക്കായി അന്വേഷണം നടത്തുകയാണെന്ന് റാന്നി പൊലീസ് അറിയിച്ചു. ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ബിവറേജസിന് മുന്നില്‍ വഴക്കുണ്ടായതായും ഇതിന്റെ തുടര്‍ച്ചയായി ചിലര്‍ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള മൊഴി പൊലീസിന് ലഭിച്ചത്. ഇതോടെ കൊലപാതകത്തിന് കേസെടുത്താണ് പൊലിസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം മൂന്ന് യുവാക്കളും കാര്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി.
പ്രതികള്‍ അമ്പാടിയ്ക്ക് പരിചയമുള്ളവര്‍ തന്നെയാണെന്നും രാത്രി ഏറെ വൈകി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് വിവരം. നടന്നത് ഗ്യാങ്‌വാറാണെന്നും ആദ്യം ബിവറേജസിന് പിന്നാലെ മടങ്ങിപ്പോയ യുവാക്കള്‍ പിന്നീട് രണ്ട് കാറിലായി മന്ദമരുതിയിലേക്ക് മടങ്ങിയെത്തിയെന്നും പൊലീസിന് വിവരം ലഭിച്ചു. ഒരു കാറില്‍ നിന്നും അമ്പാടി പുറത്തിറങ്ങിയതും രണ്ടാമത് ഗ്യാങ്ങിലുള്ളവര്‍ കാറില്‍ അതിവേഗം എത്തി അമ്പാടിയെ ഇടിച്ചിട്ടു. പിന്നെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.


