കൊല്ലം: വിദേശ കപ്പലുകളില്‍ വന്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ കൊച്ചിയില്‍നിന്ന് പിടികൂടി. കൊല്ലം കല്ലട സ്വദേശിനിയായ ചിഞ്ചു അനീഷിനെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
പ്രതിമാസം രണ്ടുലക്ഷം രൂപ വരെ ശമ്പളമുള്ള കപ്പല്‍ ജോലി വാഗ്ദാനംചെയ്ത് നിഷാദില്‍നിന്ന് പണം തട്ടിയെന്നാണ് പരാതി. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫര്‍ വിശ്വസിച്ച് വായ്പയെടുത്തും മറ്റും 2023 മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പലതവണയായി 11.5 ലക്ഷം രൂപ നിഷാദ് സംഘത്തിന് കൈമാറിയിരുന്നതായി പൊലിസ് പറഞ്ഞു.
നിഷാദിനെ കൂടാതെ നിരവധി ചെറുപ്പക്കാരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ട്. പരാതികള്‍ വ്യാപകമായതോടെ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ‘ടാലന്റ് വീസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം അടച്ചുപൂട്ടി ഉടമസ്ഥര്‍ മുങ്ങിയിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. നിഷാദിന്റെ പരാതിയില്‍ കേസിലെ ഒന്നാം പ്രതി ബിനില്‍ കുമാറിനെ നേരത്തെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ എം.ഡിയായിരുന്നു ബിനില്‍കുമാര്‍. ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
ചിഞ്ചുവിനെയും ഭര്‍ത്താവ് അനീഷിനെയും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിഞ്ചുവിനെതിരെ പാലാരിവട്ടം, കടവന്ത്ര, എറണാകുളം നോര്‍ത്ത്, കാലടി സ്റ്റേഷനുകളിലും തട്ടിപ്പ് കേസുണ്ടെന്നും പുനലൂര്‍ എസ്.എച്ച്.ഒ ടി.രാജേഷ് കുമാര്‍ പറഞ്ഞു.
young woman arrested in Kochi for fake promising jobs on foreign ships


