ഗാന്ധിഭവന് യൂസഫലിയുടെ പുതുവര്‍ഷ സമ്മാനം; അന്തേവാസികള്‍ക്ക് ബഹുനില മന്ദിരം ഒരുങ്ങുന്നു; അതില്‍ എന്റെ ഫോട്ടോ വയ്ക്കരുതെന്നും അതില്‍ നോക്കി പ്രാര്‍ഥിക്കരുതെന്നും യൂസഫലി
|
കൊല്ലം: പുതുവര്‍ഷത്തിന് ഗാന്ധിഭവന് സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഗാന്ധിഭവനിലെ വയോജനങ്ങള്‍ക്കായി യൂസഫലി 20 കോടിയോളം ചെലവ് വരുന്ന കെട്ടിടമാണ് നിര്‍മിച്ച് നല്‍കുക. ക്രിസ്മസ് ദിനത്തില്‍ ഈ കെട്ടിടത്തിന് ശിലയിട്ടിരിക്കുകയാണ്.
അതേസമയം ശിലാന്യാസത്തിനായി ഗാന്ധിഭവനിലെത്തിയപ്പോള്‍ പ്രാര്‍ത്ഥനാ ഹാളില്‍ സ്വന്തം ഫോട്ടോ കണ്ട് യൂസഫലി ആകെ ഞെട്ടിപ്പോയി. ഉടന്‍ തന്നെ അതെടുത്ത് മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഈ വീഡിയോ വൈറലായിരിക്കുകയാണ്. എന്റെ പേരിടണമെന്നാണ് പലരും ആവശ്യപ്പെട്ടത്. പക്ഷേ അതിലും വലിയ മഹാന്റെ പേരാണ് ഈ കെട്ടിടത്തിനിട്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരാണതെന്നും യൂസഫലി പറഞ്ഞു. തന്റെ ചിത്രം മാറ്റിയ ശേഷം മൂന്ന് മതവിഭാഗങ്ങളുടെയും ദൈവങ്ങളുടെ ഫോട്ടോ വെക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആരുടെയും ചിത്രം വെക്കുന്നില്ലെന്ന് ഗാന്ധി ഭവന്‍ അറിയിക്കുകയായിരുന്നു. ദൈവം മനസ്സിലാണെന്നും, പ്രാര്‍ത്ഥന നമ്മുടെ ഉള്ളിലാണ് വേണ്ടതെന്നും യൂസഫലി പറഞ്ഞു.
തന്റെ ഫോട്ടോ വെച്ച്, ദൈവത്തിന് മുന്നില്‍ എന്നെ കുറ്റക്കാരനാക്കരുത്. ദൈവങ്ങളുടെ ചിത്രം വേറെ ഉണ്ടെന്ന് പറഞ്ഞെങ്കിലും അതൊക്കെ കിടന്നോട്ടെ തന്റെ ഫോട്ടോ മാറ്റാനാണ് അദ്ദേഹം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നത്.
1300ഓളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ വയോജനങ്ങള്‍ക്കായിട്ടാണ് യൂസഫലി ബഹുനിലക്കെട്ടിടം നിര്‍മിച്ച് നല്‍കുന്നത്. അഗതി മന്ദിരത്തില്‍ മൂന്നൂറ് പേര്‍ക്ക് താമസിക്കാം. ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അടക്കം ഇവിടത്തെ അന്തേവാസിയാണ്. ഗാന്ധിഭവനിലെ മുന്നൂറില്‍ അധികം അമ്മമര്‍ക്ക് താമസിക്കാനായി പതിനഞ്ച് കോടിയില്‍ അധികം തുക മുടക്കി യൂസഫലി നിര്‍മിച്ച് നല്‍കിയ ബഹുനില കെട്ടിടത്തിന് സമീപത്തായിട്ടാണ് പുതിയ കെട്ടിടം ഉയരുന്നത്. മൂന്ന് നിലകളിലായിട്ടാണ് നിര്‍മാണം. അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാ ഹാളുമുണ്ടാവും. ലൈബ്രറി, അടിയന്തര ശുശ്രൂഷാ സംവിധാനങ്ങള്‍, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്ന് മതസ്ഥര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍, ആധുനിക ശുചിമുറി എന്നിയെല്ലാം അടങ്ങിയ കെട്ടിട നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.
2016 ആഗസ്തിലാണ് യൂസഫലി ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിക്കുന്നത്. അന്ന് അവിടുത്തെ അമ്മമാരുമായി സംസാരിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചെന്നും അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്.
ശിലാസ്ഥാപന ചടങ്ങില്‍ യുസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്റനാഷണല്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എഞ്ചിനീയര്‍ ബാബു വര്‍ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തില്‍, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവരും പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





