|
കൊല്ലം: കൊല്ലത്ത് യുവാവിന് പരസ്യ മർദനം. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ചാണ് യുവാവിനെ മർദിച്ചത്. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമായിരുന്നു മർദനം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദനമേറ്റത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ചുവിനെ കരുനാഗപ്പള്ളിയിലെ ഒരു ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുനിഞ്ഞ് കാലു പിടിക്കവെയാണ് ക്രൂരമായ രീതിയില്‍ മര്‍ദിച്ചത്. മുട്ടുകൈ കൊണ്ട് പുറത്ത് ശക്തിയായി തുടർച്ചയായി ഇടിക്കുകയും തൊഴിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു.
മർദനത്തിന്റെ ദൃശ്യങ്ങൾ മർദിച്ചയാളുടെ സുഹൃത്തുക്കൾ തന്നെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയും മർദനമേറ്റ യുവാവിന്റെ കൈയിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മർദിച്ചയാൾക്കൊപ്പം ഉണ്ടായിരുന്നവർക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞദിവസം ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് 19കാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.
കടയില്‍ നിന്നും ലെയ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ അത് ആവശ്യപ്പെട്ടുകയായിരുന്നു. ലെയ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേർ ഒളിവിലാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.



