എകെജി സെന്‍ററിനു നേരെ പടക്കം എറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്.
|
ജൂലൈ 30 ന് രാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്തു.
ഇതിനിടെ അന്വേഷണം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെതിരെ ഉയർന്നിരുന്നു. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
അതേസമയം എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തത് നാടകമാണെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. ഏതെങ്കിലും ഒരു പ്രതിയെ സിപിഐഎമ്മും പൊലീസും അവതരിപ്പിക്കുമെന്ന് കുറച്ചുദിവസമായി കണക്കുക്കൂട്ടിയിരുന്നതായും അതെല്ലാം ആ നിലയ്ക്കുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ബൽറാം പറഞ്ഞു



