26
Nov 2025
Mon
26 Nov 2025 Mon
youth killed fiancée over saree

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വധുവിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. വിവാഹ സാരിയുടെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെക്രി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 25-കാരനായ സാജന്‍ ബാരയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. 23-കാരിയായ സോണി ഹിമ്മത് റാത്തോഡാണ് കൊല്ലപ്പെട്ടത്.

ചെറിയ തര്‍ക്കം കൊടുംക്രൂരതയിലേക്ക്

കഴിഞ്ഞ ഒന്നര വര്‍ഷമായി ലിവിങ് ടുഗെദര്‍ പങ്കാളികളായി ഒരുമിച്ച് താമസിച്ചിരുന്നവരാണ് സാജനും സോണിയും. കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഭാവ്‌നഗറിലെ ട്രെക്രി ചൗക്കിലെ ചെറിയ വീട്ടില്‍ വിവാഹത്തിനായി ഒരുങ്ങുന്നതിനിടെയാണ് എല്ലാം തകര്‍ത്ത ദുരന്തമുണ്ടായത്.

വിവാഹത്തിന് തൊട്ടുമുമ്പാണ് വിവാഹസാരിയെ ചൊല്ലിയും മറ്റു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായത്. പ്രകോപിതനായ സാജന്‍ നിയന്ത്രണം വിട്ട് ഇരുമ്പ് പൈപ്പ് എടുത്ത് സോണിയുടെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് സോണിയുടെ തല പിടിച്ച് ഭിത്തിയില്‍ ക്രൂരമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോണി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം സാജന്‍ വീട് മുഴുവന്‍ തകര്‍ക്കുകയും സ്ഥലം വിടുകയും ചെയ്തു. ‘തര്‍ക്കം വളരെ ചെറുതായിരുന്നു, എന്നാല്‍ പ്രതിയുടെ ദേഷ്യം അതിരുകടന്നു. അയല്‍വാസികളാണ് സോണിയുടെ മൃതദേഹം ആദ്യം കണ്ടത്,’ ഭാവ്‌നഗര്‍ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അജയ് പട്ടേല്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു.