ന്യൂഡൽഹി: കിടക്കയിൽ മൂത്രമൊഴിച്ചതിന് കിടപ്പുരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഡൽഹിയിലെ പ്രബാത് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. 20കാരനായ സുമിത് ശർമയാണ് സ്വന്തം പിതാവായ ജിതേന്ദ്ര ശർമയെ വകവരുത്തിയത്.
|
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ്, ജിതേന്ദ്ര ശർമ എന്നയാളുടെ കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഞങ്ങൾ സ്ഥലത്തെത്തുമ്പോൾ ജിതേന്ദ്ര ശർമ മരിച്ച നിലയിൽ ബെഡ്ഡിൽ കിടക്കുകയായിരുന്നു- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉടൻ അദ്ദേഹത്തെ ആർ.എം.എൽ ആശുപത്രിയിൽ എത്തിക്കുകയും ശനിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തു. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
അന്വേഷണത്തിനിടെ, സംഭവ ദിവസം വൈകിട്ട് 6.30 വരെ ശർമയ്ക്കും മകനുമൊപ്പം മദ്യപിച്ചിരുന്ന അയൽവാസിയുടെ മൊഴി രേഖപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.
അയൽവാസി തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ ആരോപണം. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പിതാവിന് പക്ഷാഘാതമുണ്ടായിരുന്നെന്നും അദ്ദേഹത്തെ താൻ ഒറ്റയ്ക്ക് പരിചരിക്കണമായിരുന്നെന്നും പ്രതി പറഞ്ഞു. പിതാവ് മദ്യപാനിയായിരുന്നുവെന്നും സംഭവ ദിവസം രാവിലെ മുതൽ ഇരുവരും മദ്യപിച്ചിരുന്നതായും യുവാവ് കൂട്ടിച്ചേർത്തു.
വൈകുന്നേരം ശർമ തന്റെ കട്ടിലിൽ മൂത്രമൊഴിക്കുകയും ഇതിൽ കോപാകുലനായ പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ജിതേന്ദ്ര ശർമ. 2020ലാണ് അദ്ദേഹത്തിന് പക്ഷാഘാതം ബാധിച്ചതെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.



