കവരത്തി: കടമത്ത് ദ്വീപ് സ്വദേശിയും എപി വിഭാഗത്തില്‍പ്പെട്ട മത പണ്ഡിതനുമായ യൂസുഫ് സഖാഫി ലക്ഷദ്വീപില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എന്‍.സി.പി (അജിത് പവാര്‍) പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ബി.ജെ.പിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് സഖാഫി മത്സരത്തിന് ഇറങ്ങുന്നത്. ( Yusuf saqafi Lkashdweep NDA candidate )
|
നിലവില്‍ കടമത്ത് ദ്വീപിന്റെ നാഇബ് ഖാദി ചുമതല വഹിക്കുന്ന യൂസുഫ് സഖാഫി മത-സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാണ്. നാമനിര്‍ദ്ദേശപത്രിക ഇന്നു സമര്‍പ്പിക്കും. ഭരണത്തിലിരിക്കുന്നവരുടെ പിന്തുണ ലഭിക്കുന്നത് നല്ല കാര്യമല്ലേ എന്നാണ് ബിജെപി പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ സഖാഫി പ്രതികരിച്ചത്.
കടമത്ത് ദ്വീപിലെ വടക്ക് ഭാഗത്ത് താമസിക്കുന്ന യൂസുഫ് സഖാഫി പാരമ്പര്യ കോണ്‍ഗ്രസ്സ് കുടുംബമായ തിരുവത്തപ്പുര അംഗമാണ്. ഭാര്യ വീട്ടുകാര്‍ എന്‍സിപി കുടുംബവുമാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത യൂസുഫ് സഖാഫി കടമത്ത് ദ്വീപിലെ മത-ആത്മീയ മേഖലയില്‍ ജനകീയാടിത്തറയുള്ള സുന്നി കൂട്ടായ്മയായ ജംഇയ്യത്തു ശ്ശുബ്ബാനുസ്സുന്നിയ്യ എന്ന മത പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സജീവ പ്രവര്‍ത്തകനുമാണ്. ആത്മീയ ചികിത്സാ രംഗത്തും സജീവമാണ്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മഹദാ ഹുസൈനെയാണ് ബിജെപി സംസ്ഥാന സമിതി ലക്ഷദ്വീപില്‍ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര കമ്മിറ്റിക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, യൂസുഫ് സഖാഫി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇത് തള്ളിയത്.
പാരമ്പര്യമായി സിറ്റിങ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടുന്ന എന്‍സിപി ശരത് പവാര്‍ വിഭാഗത്തെ പിന്തുണച്ചു വരുന്ന എപി വിഭാഗത്തിന്റെ വോട്ടുകള്‍ വിഘടിപ്പിക്കാനുള്ള സാധ്യതയാണ് യൂസുഫ് സഖാഫിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. മതസാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളെന്ന വ്യക്തിപ്രഭാവവും മുതലെടുക്കാമെന്ന് ബിജെപി കരുതുന്നു.
യൂസുഫ് സഖാഫി എന്‍സിപിയുടെ അവിഭക്ത പാര്‍ട്ടി ചിഹ്നമായ ക്ലോക്ക് ചിഹ്നത്തിലായിരിക്കും മത്സരിക്കുക. ഇതും എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയാവും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ചില ഉന്നതതല ഉദ്യോഗസ്ഥരുടെ പിന്തുണയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
യൂസുഫ് സഖാഫിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഫൈസലിന് ലഭിക്കാവുന്ന രാഷ്ട്രീയ ഭേദമന്യേയുള വ്യക്തിപരമായ വോട്ടുകള്‍ തടയുകയും കോണ്‍ഗ്രസ് വോട്ടുകള്‍ ഉറപ്പിക്കുകയും ചെയ്താല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനാവും.
തിരുവത്തപ്പുര അഹമ്മദ് കോയയുടെയും ബമ്പത്തബീയുടെയും മകനാണ് യൂസുഫ് സഖാഫി. ഭാര്യ: ഹഫ്‌സബി. മക്കള്‍: അബ്ദുള്‍ ആദില്‍, അല്‍ഫിയ ഷിഫ, ആഫിഫ ഷിഫ, അല്‍ഫ ഷിഫ.





