09
Sep 2023
Wed
09 Sep 2023 Wed

ട്വന്റി-20ല്‍ ടീം ടോട്ടല്‍ 314!, 9 പന്തില്‍ 50, 34 ല്‍ സെഞ്ച്വറി; റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാങ്ചൗ: അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡുകള്‍ പഴങ്കഥയാക്കി നേപ്പാള്‍. ഏഷ്യന്‍ ഗെയിംസ് മത്സരത്തിലെ മംഗോളിയയുമായുള്ള മത്സരത്തിലാണ് നേപ്പാളിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേട്ടമാണ് റെക്കോര്‍ഡ് പ്രകടനത്തില്‍ ഒന്നാമത്തെത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടി. ഇതാദ്യമായാണ് ടി20 യില്‍ ഒരു ടീം മുന്നൂറ് കടക്കുന്നത്.

മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയും നേപ്പാള്‍ താരം ദീപേന്ദ്രസിങ്ങ് തന്റെ പേരിലാക്കി. വെറും ഒന്‍പത് പന്തില്‍ നിന്നാണ് ദീപേന്ദ്രസിങ് അര്‍ധ സെഞ്ച്വറി നേടിയത്. ഇതോടെ 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങ് 12 ബോളില്‍ നിന്ന് അടിച്ചെടുത്ത അര്‍ധ സെഞ്ച്വറി പഴങ്കഥയായി. മത്സരത്തില്‍ വെറു പത്ത് പന്തുകള്‍ മാത്രം നേരിട്ട ദീപേന്ദ്ര 52 റണ്‍സ് തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇതിനിടെ എട്ടുതവണയാണ് അദ്ദേഹം സിക്‌സറുകള്‍ പറത്തിയത്.

അതിവേഗ സെഞ്ച്വറിയും ഈ മത്സരത്തോടെ നേപ്പാള്‍ താരം കുശാല്‍ മല്ല തന്റെ പേരിലാക്കി. 34 പന്തില്‍ നിന്നാണ് കുശാല്‍ മൂന്നക്കം കടന്നത്. 50 പന്തുകള്‍ നേരിട്ട അദ്ദേഹം പുറത്താകാതെ 137 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 12 സിക്‌സും 8 ഫോറുകളും ഉള്‍പ്പെടുന്നു. ടി ട്വന്റി ചരിത്രത്തില്‍ അതിവേഗ സെഞ്ച്വറിയുടെ ഉടമകള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറുമായിരുന്നു. 35 പന്തില്‍ നിന്നായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. രോഹിത് ശര്‍മ ശ്രീലങ്കയ്ക്ക് എതിരെയും മില്ലര്‍ ബംഗ്ലാദേശിനെതിരെയുമാണ് അതിവേഗ സെഞ്ച്വറി അടിച്ചത്.

ടി20 യില്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാന്‍ നേടിയ 278 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മത്സരത്തില്‍ മംഗോളിയയെ 273 റണ്‍സിന് നേപ്പാള്‍ പരാജയപ്പെടുത്തി. 13.1 ഓവറില്‍ 41 റണ്‍സിന് നേപ്പാള്‍ ഓള്‍ഔട്ടാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക