27
Jun 2026
Sat
27 Jun 2026 Sat
muthu master

തൂത്തുക്കുടി: തമിഴ്നാട്ടിലെ ആ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി അവന്‍ ‘മുത്തു മാസ്റ്റര്‍’ ആയിരുന്നു. വെളുത്ത ഷര്‍ട്ടും ധോത്തിയും ധരിച്ച്, ബീഡി വലിച്ച്, പാടത്ത് പണിയെടുത്ത്, ഒരു ക്ഷേത്രത്തിന് സമീപം ലളിതജീവിതം നയിച്ച ഒരു സാധാരണക്കാരന്‍. നാട്ടുകാര്‍ ബഹുമാനത്തോടെ അയാളെ ‘അണ്ണാച്ചി’ എന്ന് വിളിച്ചു. എന്നാല്‍, ഈ മുത്തു മാസ്റ്ററുടെ ഉള്ളില്‍ ജീവിച്ചിരുന്നത് പെച്ചിയമ്മാള്‍ എന്ന സ്ത്രീയായിരുന്നുവെന്ന് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഒരു ദുരന്തവും അതിനെത്തുടര്‍ന്നുണ്ടായ ഭയപ്പെടുത്തുന്ന അനുഭവവുമാണ് പെച്ചിയമ്മാളെ ‘മുത്തു’ എന്ന പുരുഷനാക്കി മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്ക് അന്തസ്സും സുരക്ഷിതത്വവും നല്‍കിയതും തന്റെ മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ കരുത്ത് തന്നതും ഈ പുരുഷ വ്യക്തിത്വമാണെന്ന് ഇന്ന് മുത്തു ഓര്‍ക്കുന്നു.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം വിധവ; മകള്‍ക്കായി കല്‍ക്കരി ഫാക്ടറിയിലേക്ക്

പെച്ചിയമ്മാള്‍ തന്റെ 20-ാം വയസ്സിലാണ് ശിവ എന്നയാളെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും 15 ദിവസങ്ങള്‍ക്കപ്പുറം ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. വൈകാതെ താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെച്ചിയമ്മാള്‍ അറിഞ്ഞു. മകളെ ഒറ്റയ്ക്ക് വളര്‍ത്തുക എന്ന വലിയ വെല്ലുവിളിക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ അവര്‍ തൂത്തുക്കുടിയിലെ ഒരു കല്‍ക്കരി ഫാക്ടറിയില്‍ ജോലിക്ക് ചേര്‍ന്നു.

ജീവിതം കഠിനമായിരുന്നുവെങ്കിലും, ഒരു ദിവസം ജോലിക്ക് പോകുന്നതിനിടെ ഉണ്ടായ സംഭവം അവരുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.

ജീവിതം മാറ്റിയ ആ രാത്രി

ഒരു ദിവസം വൈകുന്നേരം ഫാക്ടറിയിലേക്ക് നടന്നുപോകുകയായിരുന്ന പെച്ചിയമ്മാളെ ഒരു ട്രക്ക് ഡ്രൈവര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആ അനുഭവം അവരെ ഭയത്തിന്റെ നിഴലിലാക്കി. അന്ന് രാത്രി ഷിഫ്റ്റ് ജോലി ചെയ്യുമ്പോള്‍ അവരുടെ മനസ്സ് ശാന്തമായിരുന്നില്ല. പിറ്റേന്ന് രാവിലെ അവര്‍ ആ നിര്‍ണ്ണായക തീരുമാനമെടുത്തു.

അവര്‍ ഒരു ഷര്‍ട്ടും മുണ്ടും വാങ്ങി, തിരുച്ചെന്തൂരിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് തല മുണ്ഡനം ചെയ്ത ശേഷം ഒരു സ്ത്രീയായി അവസാനമായി ക്ഷേത്ര ദര്‍ശനം നടത്തി. പുറത്തേക്ക് ഇറങ്ങിയത് ഒരു പുരുഷന്റെ വേഷത്തിലായിരുന്നു. ‘അതോടെ പെച്ചിയമ്മാള്‍ അവസാനിച്ചു. ഞാന്‍ മുത്തു എന്ന പുരുഷനായി മാറി,’ അവര്‍ ഓര്‍ക്കുന്നു.

‘മുത്തു മാസ്റ്റര്‍’ എന്ന പേര് വന്ന വഴി

തൂത്തുക്കുടിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുമ്പോഴാണ് മുത്തുവിന് ഒപ്പമുള്ളവരും ഉപഭോക്താക്കളും ചേര്‍ന്ന് ‘മുത്തു മാസ്റ്റര്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങളോളം ചെന്നൈയിലും മറ്റും പാചകക്കാരനായി ജോലി ചെയ്ത ശേഷം മുത്തു തന്റെ ചെറിയ മകളുമായി തൂത്തുക്കുടിയിലെ കാട്ടുനായിക്കന്‍പട്ടി എന്ന ഗ്രാമത്തില്‍ തിരിച്ചെത്തി താമസ്സമാക്കി. അവിടെ ആര്‍ക്കും അവരുടെ ഭൂതകാലം അറിയില്ലായിരുന്നു.

മകള്‍ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് തന്റെ അമ്മയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് അറിയുന്നത്. ഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരു കാര്‍ഷിക തൊഴിലാളിയായി മുത്തു പെട്ടെന്ന് തന്നെ പേരെടുത്തു.

ബീഡി വലി; ആരും കാണാത്ത മറഞ്ഞിരുന്ന വെല്ലുവിളികള്‍

ഒരു പുരുഷനായി ജീവിക്കുമ്പോള്‍ തന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ മുത്തു മറ്റൊരു ശീലം കൂടി വളര്‍ത്തിയെടുത്തു – ബീഡി വലി. ഒരിക്കല്‍ രാത്രി വൈകി വരുമ്പോള്‍ വഴിയില്‍ കണ്ട മദ്യപിച്ച ഒരാള്‍, മുത്തു ബീഡി കത്തിച്ചപ്പോള്‍ ‘ഭായി, ഒരു തീപ്പെട്ടി തരുമോ’ എന്ന് ചോദിച്ച് കടന്നുപോയ സംഭവം പുരുഷ വേഷത്തിന്റെ സുരക്ഷിതത്വം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.

എന്നാല്‍ ഈ വേഷംമാറ്റത്തിന് പിന്നില്‍ വലിയ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പുരുഷന്മാര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ തന്റെ ആര്‍ത്തവചക്രങ്ങള്‍ ആരുമറിയാതെ മാനേജ് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കഠിനമായ ശാരീരിക അധ്വാനം ചെയ്യുമ്പോഴും വേദനകള്‍ സഹിക്കാന്‍ അവര്‍ മരുന്നുകളെ ആശ്രയിച്ചു. 40-ാം വയസ്സില്‍ അവര്‍ക്ക് നേരത്തെ തന്നെ ആര്‍ത്തവവിരാമം (Menopause) സംഭവിക്കുകയും ചെയ്തു.

അമ്മയല്ല, വലിയമ്മയെന്ന് കരുതിയ മകള്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുത്തുവിന്റെ മകള്‍ ഷണ്‍മുഖസുന്ദരി ഒരു പ്രധാന കാര്യം വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്റെ വലിയമ്മയാണ് സ്വന്തം അമ്മയെന്നാണ് അവള്‍ കരുതിയിരുന്നത്. പിന്നീട് മുത്തുവിനൊപ്പം താമസം തുടങ്ങിയ ശേഷമാണ് സത്യം മനസ്സിലാക്കിയത്. എങ്കില്‍പ്പോലും പൊതുസ്ഥലങ്ങളില്‍ അവള്‍ അമ്മയെ ‘മുത്തു മാസ്റ്റര്‍’ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. തന്റെ അമ്മ അസാധാരണ കരുത്തുള്ള സ്ത്രീയാണെന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മകള്‍ വളര്‍ന്നു, വിവാഹിതയായി, സാമ്പത്തികമായി സുരക്ഷിതയായിട്ടും പെച്ചിയമ്മാള്‍ തന്റെ സ്ത്രീ വേഷത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. അതിജീവനത്തിനായി തുടങ്ങിയ വേഷപ്പകര്‍ച്ച ഒടുവില്‍ അവരുടെ ജീവിതം തന്നെയായി മാറി. തന്റെ ഏറ്റവും ദുര്‍ബലമായ കാലഘട്ടത്തില്‍ തനിക്ക് ധൈര്യം തന്ന ഈ പുരുഷ വ്യക്തിത്വത്തില്‍ തന്നെ ശേഷിച്ച കാലവും ജീവിക്കാനാണ് ഈ എഴുപതുകാരനായ ‘മുത്തു മാസ്റ്റര്‍’ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

Muthu Master story: Why this Tamil Nadu widow lived as a man for 37 years