തിരുവനന്തപുരം: മറ്റു പാര്‍ട്ടികളിലെ ജനപ്രതിനിധികളെ കോടികള്‍ നല്‍കി അടര്‍ത്തിയെടുക്കുന്ന തന്ത്രം കേരളത്തിലും പയറ്റി ബിജെപി. (100 crores offered to two LDF MLAs to defect to BJP) ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയെ ഉപയോഗിച്ചായിരുന്നു കേരളത്തിലെ കളി.
|
അജിത് പവാര്‍ പക്ഷത്തേക്കു കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി രൂപയാണ് ഓഫര്‍ ചെയ്തത്.
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തതത്രെ.
ഈ വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി അറിയിച്ചതായാണ് റിപോര്‍ട്ട്. എന്നാല്‍, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭ സമ്മേളനകാലത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയാണ് ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയതത്രെ. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ഉടക്കി നില്‍ക്കുന്ന സമയമായിരുന്നു അത്.
ശരദ് പവാറും അജിത് പവാറും പിളര്‍ന്നപ്പോള്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗം കൂടിയായിരുന്നു കുതിരക്കച്ചവട ശ്രമം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍.സി.പിയുടെ ആവശ്യം തള്ളാന്‍ ഇടയാക്കിയത്.
വാഗ്ദാനം ലഭിച്ച വിവരം പിണറായിയോട് ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയാണ് കേരളത്തിന് വേണ്ടി അജിത് പവാര്‍ നീക്കിവച്ചിരിക്കുന്നതെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു.
എന്നാല്‍, എല്‍.ഡി.എഫ് വിട്ട് എങ്ങോട്ടുമില്ലെന്ന് മറുപടി നല്‍കിയതായി അറിയിച്ചു. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചുവെന്നും ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍, തോമസ് കെ. തോമസ് ചര്‍ച്ച നടത്തുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു.
അതേ സമയം, അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് തോമസ് കെ. തോമസും അവകാശപ്പെടുന്നത്. ’50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ്. ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്നും തോമസ് പറഞ്ഞു.


