കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ച ഉത്തർപ്രദേശിലെ മുസാഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രവി കുമാർ ദിവകറിന് മുന്നിലുള്ള നൂറോളം കൊലപാതക കേസുകൾ മാറ്റാൻ തീരുമാനം. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കേസുകളാണ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് രവി കുമാർ ദിവകറിൽ നിന്ന് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് വീരേന്ദ്ര കുമാർ സിംഗിന്റെ കോടതിയിലേക്ക് മാറ്റിയത്.
ഈ കോടതിയിൽ വിചാരണ നേരിടുന്നവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അഭിഭാഷകർക്കും കക്ഷികൾക്കുമിടയിൽ ആശങ്ക നിലനിന്നിരുന്നതായി ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു.
|
കടുത്ത വിധികൾക്ക് പേരു കേട്ട ന്യായാധിപൻ
2022-ൽ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടതിലൂടെ ശ്രദ്ധേയനായ ജഡ്ജിയാണ് രവി കുമാർ ദിവകർ. ലഖ്‌നൗ സ്വദേശിയായ ഇദ്ദേഹം 2009-ൽ അസംഘഡിൽ അഡീഷണൽ സിവിൽ ജഡ്ജിയായാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് സുൽത്താൻപൂരിൽ സിവിൽ ജഡ്ജിയായും ജുഡീഷ്യൽ മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു. ബി.കോം, എൽ.എൽ.എം ബിരുദധാരിയായ ഇദ്ദേഹം 2025 നവംബർ മുതലാണ് മുസാഫർനഗറിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കുന്നത്.
നാല് മാസത്തിനിടെ രവികുമാർ ദിവകർ പുറപ്പെടുവിച്ച പ്രമുഖ വധശിക്ഷാ വിധികൾ:
ആഗസ്റ്റ് 13: 12 വർഷം പഴക്കമുള്ള കൊലപാതക കേസിൽ നാല് പേർക്ക് വധശിക്ഷ.
ആഗസ്റ്റ് 12: 27 വർഷം മുമ്പ് തടിക്കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ.
ജൂലൈ 17: 2011-ൽ കവർച്ചാശ്രമത്തിനിടെ കർഷകനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ.
ജൂലൈ 6: 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈരാഗ്യത്തിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ മുൻ ഗ്രാമപ്രധാനിക്കും സഹായിക്കും വധശിക്ഷ.
ജൂലൈ 2: ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് നിരീക്ഷിച്ച് വധശിക്ഷ.
ജൂൺ 20: രാജേന്ദ്ര സൈനി കൊലപാതക കേസിൽ രണ്ട് പേർക്ക് വധശിക്ഷ.
മേയ് 30: 15 വർഷം മുൻപ് അമ്മയെയും ആറുവയസ്സുകാരൻ മകനെയും ഇഷ്ടികകൊണ്ട് അടിച്ചുകൊന്ന കേസിൽ 50-കാരന് വധശിക്ഷ.
ഏപ്രിൽ 28: 2019-ലെ കൊലപാതക കേസിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് മക്കൾക്കും വധശിക്ഷ.
ഏപ്രിൽ 6: 45 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കത്തെ തുടർന്ന് അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് വധശിക്ഷ.
ALSO READ: ടിക് ടോക് താരത്തെ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





