25
Mar 2025
Tue
25 Mar 2025 Tue
BABY THROWN INTO WELL KANNUR

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറക്കലില്‍ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസ്സുകാരിയാണെന്നും സ്‌നേഹം നഷ്ടപ്പെടുമെന്നതിനാലാണ് കൊല നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് പ്രതി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടി മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സംരക്ഷണയിലായിരുന്നു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് അര്‍ധരാത്രി മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോയെന്ന് ഭയന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റില്‍ വലിച്ചെറിഞ്ഞശേഷം കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്.

പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ തിങ്കാളാഴ്ച രാത്രി പത്തു മണിയോടെയാണ് കാണാതാവുന്നത്. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലായിരുന്നു മൃതദേഹം കണ്ടത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 12 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കിണറിന് ആള്‍മറ ഉള്ളതുകൊണ്ടു തന്നെ ബാഹ്യ ഇടപെടലില്ലാതെ ഇത്തരമൊരു കൃത്യം നടക്കില്ലെന്ന പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് പുറത്തുനിന്ന് ഒരാള്‍ വന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനാവാത്തതിനെ കുട്ടിയുടെയും പിതാവിനെയും മാതാവിനെയും പോലീസ് ചോദ്യം ചെയ്്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് 12 വയസ്സുകാരിയിലേക്ക് എത്തിയത്.