07
Oct 2023
Sun
07 Oct 2023 Sun

വിഴിഞ്ഞത്ത് കപ്പല്‍ ഇന്ന് തീരത്തെത്തും: ആഘോഷമാക്കി മാറ്റി LDF

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്ന ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15 വൈകീട്ട് തുറമുഖ ബെര്‍ത്തില്‍ അണയും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മുഖ്യാതിഥിയാകും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വിവിധ മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണപരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.

ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്പന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും.

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പല്‍ എത്തിയ സാഹചര്യത്തില്‍ ഇന്നും നാളെയും ആഘോഷപരിപാടികള്‍, ജാഥകള്‍ തുടങ്ങിയ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അതിവേഗത്തില്‍ വികസനം പൂര്‍ത്തീകരിക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കാര്‍ഷിക മേഖലയ്ക്ക് വലിയ വളര്‍ച്ചയുണ്ടാകും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും കഴിയും. തുറമുഖത്തിന്റെ ഒന്നാം ഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാകും. ബാക്കിയുള്ള ഘട്ടങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക