22
Feb 2025
Fri
22 Feb 2025 Fri
15 year old girl suffering side effects of Naykkurana powder thrown by classmates

സഹപാഠികള്‍ നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു ദുരിതജീവിതം. ദേഹമാകെ ചൊറിഞ്ഞുതടിച്ച് പരീക്ഷ എഴുതാന്‍ പോവാനാവാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി. കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സഹപാഠികളുടെ ക്രൂരതയില്‍ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ലാസിലെ പിന്‍ബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയാണ് നായ്ക്കുരണ പൊടി ക്ലാസ് മുറിയില്‍ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടര്‍ന്ന് കുട്ടികള്‍ പെണ്‍കുട്ടിയോട് പോയി കുളിക്കാന്‍ പറഞ്ഞു. ചൊറിച്ചില്‍ കൂടിയതോടെ പെണ്‍കുട്ടി ശുചിമുറിയിലെത്തി ദേഹത്ത് വെള്ളമൊഴിച്ചു. എന്നാല്‍ ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടരുകയും ചൊറിച്ചില്‍ സഹിക്കാനാവാതെ വരികയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് നിരവധി ആശുപത്രികളിലെത്തിച്ചു ചികില്‍സ നല്‍കി.

ഇതോടെ പെണ്‍കുട്ടിയുടെ മോഡല്‍ പരീക്ഷയും മുടങ്ങി. ജോലിക്കു പോലും പോവാതെ അമ്മയാണ് മകള്‍ക്ക് വീട്ടില്‍ കൂട്ടിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ പുലര്‍ത്തിയ നിലപാടിനെതിരേ കുടുംബം പരാതിപ്പെട്ടു. കടുത്ത വേദനയില്‍ പെണ്‍കുട്ടി കഴിയുമ്പോഴും ക്ലാസിലെത്താന്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.