04
May 2024
Sat
04 May 2024 Sat
16 candidates with drown nomination in Gandhinagar where Amit Sha contesting

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മല്‍സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് 16 പേര്‍. പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന വെളിപ്പെടുത്തലുമായി മൂന്നു സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.(16 candidates with drown nomination in Gandhinagar where Amit Sha contesting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തിക വാഗ്ദാനവും വധഭീഷണിയും വരെയുണ്ടായെന്ന് പത്രിക പിന്‍വലിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ജിതേന്ദ്ര ചൗഹാന്‍ വെളിപ്പെടുത്തി. താന്‍ കൊല്ലപ്പെട്ടേക്കാമെന്നും അപകടത്തിലായ രാജ്യത്തെ സംരക്ഷിക്കണമെന്ന് ജനങ്ങളോടു അഭ്യര്‍ഥിക്കുകയാണെന്നും ജിതേന്ദ്ര ചൗഹാന്‍ പറഞ്ഞു. അഹമ്മദാബാദിലെ ബാപുനഗറിലെ ബിജെപി എംഎല്‍എ ദിനേശ് സിങ് കുശ്വ ആണ് പത്രിക പിന്‍വലിക്കുന്നതിന് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ചൗഹാന്‍ പറഞ്ഞു.

ജിതേന്ദ്ര ചൗഹാന്‍

1989 മുതല്‍ ബിജെപി സ്ഥിരമായി ജയിച്ചുവരുന്ന മണ്ഡലമാണ് ഗാന്ധിനഗര്‍. 2019ല്‍ 5.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അമിത് ഷാ ഇവിടെ ജയിച്ചത്.
ഇവിടെ ഇത്തവണ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരെല്ലാം ബിജെപി പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍മാറിയതെന്നാണ് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പത്രിക പിന്‍വലിച്ച രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഗുജറാത്ത് പോലീസിന്റെ നിര്‍ബന്ധം മൂലമാണ് പിന്‍മാറിയതെന്നും വെളിപ്പെടുത്തി.

പത്രിക പിന്‍വലിച്ച 16 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്വതന്ത്രരും നാലുപേര്‍ ചെറുപാര്‍ട്ടികളുടെ പ്രതിനിധികളുമായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന് എത്ര രൂപ വേണമെങ്കിലും തരാം തുക എത്രയെന്ന് തന്നോട് ആവശ്യപ്പെടാനുമാണ് പറഞ്ഞതെന്ന് ചൗഹാന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ പണം വാങ്ങിയില്ലെന്നും തനിക്ക് മൂന്നു പെണ്‍മക്കളുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും ചൗഹാന്‍ ചോദിക്കുന്നു. അതേസമയം പത്രിക പിന്‍വലിച്ച ചിലര്‍ കാംപയിനു പണമില്ലാത്തതിനാലാണ് തങ്ങള്‍ പിന്‍വാങ്ങിയതെന്നും ബിജെപിയില്‍ ചേരുന്നതിനായാണെന്നും ആകാംക്ഷയുടെ പുറത്താണ് പത്രിക സമര്‍പ്പിച്ചതെന്നുമൊക്കെയാണ് കാരണം പറയുന്നത്.

ഗാന്ധിനഗര്‍ നോര്‍ത്തിലെ ബിജെപി മുന്‍ എംഎല്‍എ ജയേന്ദ്ര റാത്തോഡും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാനിറങ്ങിയെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വാങ്ങി. അമിത് ഷാ വിജയിക്കുമെങ്കിലും വോട്ട് വിഭജിച്ചുപോവാതിരിക്കാനാണ് എല്ലാ സ്ഥാനാര്‍ഥികളെയും അവര്‍ നിര്‍ബന്ധിച്ചു പിന്‍മാറ്റുന്നതെന്ന് ജയേന്ദ്ര റാത്തോഡ് പറഞ്ഞു.

39 പത്രികകളാണ് ഗാന്ധിനഗറില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 16 പത്രികകള്‍ പിന്‍വലിക്കപ്പെട്ടു. 9 പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. ബാക്കിയുള്ള 14 സ്ഥാനാര്‍ഥികളില്‍ കോണ്‍ഗ്രസിന്റെ സോനം പട്ടേല്‍ ആണ് അമിത് ഷായുടെ പ്രധാന എതിരാളി. 2014ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 25 ശതമാനമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2019ല്‍ ഇത് 26 ശതമാനമായി ഉയര്‍ന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക