|
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തില്‍ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട. രാവിലെ 9.30ന് പ്രോടെം സ്പീക്കര്‍ ആയി ഭര്‍തൃഹരി മെഹ്താബ്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് ലോക്‌സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ആദ്യം പ്രധാന മന്ത്രിയും, തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം.
സഭയിലെ ഏറ്റവും മുതിര്‍ന്നയാളെ പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടക്കം, പ്രോടെം സ്പീക്കറുടെ സഹായികളുടെ പാനലില്‍ ഉള്‍പ്പെട്ട ഇന്‍ഡ്യാ മുന്നണി അംഗങ്ങള്‍ സഹകരിക്കില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളില്‍ ആര് എന്നാണ് ആദ്യ സമ്മേളനത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി അവതരിപ്പിക്കും. ബുധനാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
27ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ചകള്‍, സര്‍ക്കാരിന്റയും പ്രതിപക്ഷത്തിന്റെയും പരീക്ഷണ വേദിയാകും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിനു മറുപടി പറയും. അന്നു പിരിയുന്ന സമ്മേളനം പിന്നീട് ബജറ്റ് അവതരണത്തിനായി ജൂലൈ മൂന്നാം വാരം ചേരും.
അംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കമുള്ള നടപടിക്രമങ്ങളാണ് അജന്‍ഡയിലുള്ളതെങ്കിലും സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിറയെ ആയുധങ്ങളാണ്. ഓഹരി വിപണി അഴിമതി, നീറ്റ് പരീക്ഷാ വിവാദം, ബംഗാള്‍ ട്രെയിന്‍ അപകടം, ജമ്മുകശ്മീരിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍, മണിപ്പുര്‍ കലാപം തുടങ്ങിയ അരഡസനോളം ആയുധങ്ങള്‍ ഇതിനകം പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി മൂന്നാം മോദി സര്‍ക്കാരിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ നീക്കം.
Resurgent Opposition to push government for answers as 18th Lok Sabha first session begins today





