പാലക്കാട്: മധ്യവയസ്‌കനെ ആസൂത്രിതമായി ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയത് യുവാവും 16 വയസ്സുകാരനും ചേര്‍ന്ന്. പോലീസിനെ പോലും ഞെട്ടിച്ച ആസൂത്രണത്തില്‍ പാലക്കാട് സ്വദേശികള്‍ പിടിയിലായി. പാലക്കാട് കോങ്ങാട് സ്വദേശി പേഴുങ്കര മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് പിടികൂടിയത്. (19 year old boy arrested in Honey trap case in Palakkad)
|
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ 16 വയസ്സുള്ള വിദ്യാര്‍ഥിയാണ്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
വിദഗ്ധമായ ആസൂത്രണമാണ് 19കാരന്‍ ഉള്‍പ്പെട്ട സംഘം നടത്തിയത്. മധ്യവയസ്‌കന് ആദ്യം ചില ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത് വലയില്‍ അകപ്പെടുത്തുകയായിരുന്നു. അശ്ലീലവീഡിയോകളും സഹപാഠികളായ വിദ്യാര്‍ഥിനികളുടെ ശബ്ദസന്ദേശവുമാണ് ഇതിനായി ഉപയോഗിച്ചത്.
പിന്നീട് ഇതേ കാര്യങ്ങള്‍ വച്ച് മധ്യവയസ്‌കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടര്‍ന്ന് കേസൊതുക്കാന്‍ പണംവേണമെന്ന് പറഞ്ഞ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടറുടെ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച് 45,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നു.
ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിര്‍ജിത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ നമ്പരാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്നും പൊലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



