കൊച്ചി: ചെക്കില്‍ വ്യാജ ഒപ്പിട്ട് രണ്ട് ലക്ഷം തട്ടിയെന്ന പരാതിയില്‍ സംഘ്പരിവാർ അനുകൂല തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയുടെ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കേസ്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) പ്രസിഡന്റ് കെവിന്‍ പീറ്റര്‍ ജോയിന്റ് സെക്രട്ടറി ജെയ്‌സണ്‍ പീറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
|
സംഘടനാ ട്രഷറര്‍ ജോമര്‍ കെ ജോസാണ് പരാതിക്കാരൻ. തേവരയിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് 12 ചെക്കുകളായാണ് പണം എടുത്തതെന്ന് ജോമര്‍ കെ ജോസ് സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജോമര്‍ കെ ജോസിന്റേയും സെക്രട്ടറി ജോയി എബ്രഹാമിന്റേയും വ്യാജ ഒപ്പിട്ട് രണ്ട് ലക്ഷം രൂപ പിന്‍വലിച്ചതായും ചെക്ക് ബുക്ക് കെവിന്‍ പീറ്ററിന്റെ കൈയിലിരുന്ന 2020-22 കാലഘട്ടത്തിലാണ് പണം തട്ടിയതെന്നും പരാതിയില്‍ വിശദമാക്കുന്നു.
പ്രസിഡന്റ് കെവിന്‍ പീറ്ററിന്റേയും പരാതി നല്‍കിയ ട്രഷറര്‍ ജോമര്‍ കെ ജോസിന്റേയും സെക്രട്ടറി ജോയി എബ്രഹാമിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതോടെ സംഘടനയുടെ പേരിൽ കെവിൻ പീറ്റർ നടത്തുന്ന തട്ടിപ്പുകളാണ് പുറത്തുവരുന്നത്.
സംഘ്പരിവാർ-ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയും നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ-വ്യാജ പ്രചരണങ്ങൾ സോഷ്യൽമീഡിയകളിലൂടെയും പുറത്തും നടത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടനയാണ് കാസ. ലൗ ജിഹാദ്, ഹലാൽ എക്കണോമി ഉൾപ്പെടെയുള്ള സംഘ്പരിവാർ ഗൂഡ അജണ്ടകളും വ്യാജ- വിദ്വേഷ പ്രചരണങ്ങളും ഏറ്റെടുത്തും പുതിയവ ഉണ്ടാക്കിയും പ്രചരിപ്പിക്കുന്നതാണ് കാസയുടെ രീതി.
മാർച്ച് 24ന് തൃശൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ പങ്കെടുത്തിരുന്നു. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിച്ച സെമിനാറിലാണ് കാസ സംസ്ഥാന അധ്യക്ഷന്‍ കെവിന്‍ പീറ്ററും പങ്കെടുത്തത്. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ ആയിരുന്നു സംഘാടകര്‍.
നേരത്തെ, തിരുവനന്തപുരത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ഐക്യവേദി നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിലും കാസ പങ്കെടുത്തിരുന്നു. മുസ്‍ലിം വിരുദ്ധ വിഷയങ്ങൾ ചർച്ച ചെയ്യുകയും വ്യാജ-വിദ്വേഷ പ്രചാരണങ്ങൾ നടക്കുകയും ചെയ്ത ഏപ്രിൽ 29ലെ സെമിനാറിലാണ് തീവ്ര ക്രിസ്ത്യൻ കൂട്ടായ്മയായ കാസ നേതാക്കൾ പങ്കെടുത്തത്.
ലൗ, ലാന്‍ഡ് ജിഹാദ് ആന്‍ഡ് ഹലാല്‍ എക്കണോമി എന്ന വിഷയത്തെക്കുറിച്ചായിരുന്നു കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ സംസാരിച്ചത്. സംഘ്പരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന കാസയുൾപ്പെടെയുള്ള തീവ്ര സ്വഭാവത്തിലുള്ള സംഘടനകളെ ഉൾപ്പെടുത്തിയാണ് ബിജെപി പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.





