ഓണപ്പരീക്ഷ 16 മുതല്‍ 24 വരെ; 25 മുതല്‍ ഓണാവധി
|
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും.
വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
25ന് ഓണാഘോഷത്തിനുശേഷം സ്‌കൂള്‍ അടയ്ക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിന് സ്‌കൂള്‍ തുറക്കും.
അതേസമയം, അധ്യാപകരെ കുട്ടികള്‍ മാഷ്, സര്‍, ടീച്ചര്‍ എന്ന് വിളിക്കുന്നതിന് പകരം ലിംഗ സമത്വം പാലിച്ച് ഏകീകൃത പേര് ഏര്‍പ്പെടുത്തണമെന്ന ബാലാവകാശ കമീഷന്‍ നിര്‍ദേശം നടപ്പാക്കരുതെന്ന് ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. സര്‍, മാഷ്, ടീച്ചര്‍ എന്ന് അധ്യാപകരെ വിളിക്കുന്നത് കാലങ്ങളായി തുടര്‍ന്നുവരുന്നതാണ്. ഏതെങ്കിലും അധ്യാപകന്‍ എന്നെ മാഷ് എന്ന് വിളിക്കരുത് സര്‍ എന്ന് വിളിക്കണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടികള്‍ അവര്‍ ജീവിക്കുന്ന പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ വിളിക്കുന്ന ശൈലി മാറ്റേണ്ടെന്നാണ് യോഗം ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.
ദിവസവേതനത്തിന് നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് അതത് സമയം വേതനം ഉറപ്പാക്കുക, പാഠപുസ്തക വിതരണത്തില്‍ വിരമിച്ച അധ്യാപകര്‍ക്കുള്ള ബാധ്യതാ പ്രശ്‌നം പരിഹരിക്കുക എന്നടക്കമുള്ള നിര്‍ദേശങ്ങളും യോഗം ശുപാര്‍ശ ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാജഹാന്‍ അധ്യക്ഷനായി. എന്‍ ടി ശിവരാജന്‍ (കെഎസ്ടിഎ), പി കെ മാത്യു (എകെഎസ്ടിയു) തുടങ്ങി അംഗീകാരമുള്ള അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.


