28
Jun 2024
Tue
28 Jun 2024 Tue
IIT Kharagpur student death

കൊല്‍ക്കത്ത: ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ( 21-year-old IIT-Kharagpur student found hanging from campus hostel roof ) ആലപ്പുഴ ഏവൂര്‍ സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രീമിയര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ദേവിക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് ആത്മഹത്യയാണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നുമില്ലെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. ദേവിക മാനസിക പിരിമുറുക്കത്തിന് ചികില്‍സയിലായിരുന്നുവെന്നും വിവരമുണ്ട്.

തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് നിലയുള്ള സരോജിനി നായിഡു ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ രാവിലെ 7 മണിയോടെയാണ് മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ദുരൂഹ സാഹചര്യത്തിലുള്ള മരണം.

സംഭവം നടന്ന ഉടനെ കാമ്പസ് സെക്യൂരിറ്റിയും മെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

2022ന് ശേഷം ക്യാമ്പസില്‍ 3 മരണം
2022ന് ശേഷം ഐഐടി ഖാരക്പൂര്‍ കാമ്പസില്‍ നടക്കുന്ന മൂന്നാമത്തെ മരണമാണ്് ദേവികയുടേത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മെക്കാനിക്കല്‍ എ്ന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഫൈസാന്‍ അഹ്‌മദ് മരച്ചിരുന്നു. അസമില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞു തുടക്കത്തില്‍ കേസ് എഴുതി തള്ളുകയായിരുന്നു.

എന്നാല്‍, വെടിയേറ്റും കഴുത്തില്‍ കുത്തേറ്റുമാണ് 23 കാരനായ ഫൈസാന്‍ അഹമ്മദ് മരിച്ചതെന്നാണ് പുതിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയെന്ന് വിധിയെഴുതി കോളജ് അധികൃതരും പൊലീസും കേസ് അവസാനിപ്പിച്ചെങ്കിലും ഫൈസാന്റെ ഉമ്മ രഹന അഹമ്മദ് മകന്‍ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ മെയില്‍ ഫൈസാന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ക്രൂരമായാണ് ഫൈസാന്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുന്നത്.

2034 ഒക്ടോബറില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കെ കിരണ്‍ ചന്ദ്രയും ഇതേ ക്യാമ്പസില്‍ ആത്ഹമത്യ ചെയ്തിരുന്നു.

ദേവികയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യം സംബന്ധിച്ച് പല വിദ്യാര്‍ത്ഥികളും സംശയമുയര്‍ത്തി. എ ബ്ലോക്കില്‍ താമസിക്കുന്ന ദേവികയ്ക്ക് എങ്ങിനെ ബി ബ്ലോക്കിന്റെ മേല്‍ക്കൂരയില്‍ കയറാന്‍ പറ്റിയെന്നാണ് ചോദ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ മേല്‍ക്കൂരയില്‍ കയറുന്നതിന് കടുത്ത നിയന്ത്രണമുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഠoll free helpline number: 1056, 0471-2552056