16
Jul 2023
Fri
16 Jul 2023 Fri

ബെംഗളൂരു: ഓണ്‍ലൈന്‍ വായ്പയില്‍ കുടുങ്ങിയ മകനെ ചൈനീസ് ലോണ്‍ ആപ്പ് ഉടമകള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി തേജസിന്റെ പിതാവ് ഗോപിനാഥ് നായര്‍. പണം തിരികെ നല്‍കാമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍ മകന്റെ നഗ്‌ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നും ജീവനൊടുക്കിയ തേജസ് നായരുടെ പിതാവ് പറഞ്ഞു. ”നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവര്‍ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങള്‍ അവര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നല്‍കാമെന്ന് ഞാന്‍ അവരോടു പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചുഭീഷണി തുടര്‍ന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടമായി.-– ഗോപിനാഥ് നായര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് തേജസ് ജീവനൊടുക്കിയത്. ”അമ്മേ, അച്ഛാ മാപ്പ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. എന്റെ പേരില്‍ എടുത്ത മറ്റു വായ്പകളും തിരിച്ചടയ്ക്കാന്‍ എനിക്ക് സാധിച്ചില്ല. ഇതാണെന്റെ അന്തിമ തീരുമാനം. ഗുഡ്‌ബൈ.”-– എന്നായിരുന്നു തേജസ് ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്.

ബെംഗളൂരു ജാലഹള്ളിയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യെലഹങ്കയിലെ നിറ്റെ മീനാക്ഷി കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. ചൈനീസ് വായ്പാ ആപ്പായ ‘സ്ലൈസ് ആന്റ് കിസി’ല്‍ നിന്നാണ് തേജസ് ലോണെടുത്തത്.

സുഹൃത്ത് മഹേഷിന് വേണ്ടിയായിരുന്നു തേജസ് ലോണ്‍ എടുത്തത്. മഹേഷ് പണം നല്‍കാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇഎംഐ അടയ്ക്കാന്‍ തേജസിന് കഴിഞ്ഞില്ല. ഇതുകാരണം പലിശയും ലേറ്റ് ഫീസും ഉള്‍പ്പെടെ 45,000 രൂപയോളം ലോണ്‍ അടവിനായി തിരികെ നല്‍കേണ്ടി വന്നു. എന്നാല്‍ ലോണ്‍ കമ്പനികളുടെ ഭീഷണി വര്‍ദ്ധിച്ചതോടെ ബന്ധുവില്‍ നിന്ന് കടം വാങ്ങി ഇഎംഐ അടച്ചു. പിന്നീട് ഈ കടം തീര്‍ക്കാന്‍ വേണ്ടി പുതിയൊരു ലോണ്‍ എടുക്കേണ്ടിവന്നു. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുന്നത് പതിവായി.

അതേസമയം, ചട്ടവിരുദ്ധമായി വായ്പ നല്‍കുന്ന 42 മൊബൈല്‍ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടന്‍ ഗൂഗിളിനെ സമീപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ വായ്പയെടുത്തവരില്‍ നിന്ന് വന്‍തുകയാണ് പലിശയിനത്തില്‍ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാന്‍ വൈകുന്നവരെ നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയില്‍ പറഞ്ഞു.