05
Oct 2023
Tue
05 Oct 2023 Tue

മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കളടക്കം 24 പേര്‍. ആവശ്യത്തിന് ജീവനക്കാരും മരുന്നുകളും ഇല്ലാത്തതാണ് കൂട്ടമരണത്തിന് കാരണമെന്ന് ആശുപത്രി ഡീന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ച 12 മുതിര്‍ന്നവരില്‍ ഭൂരിഭാഗവും ഗുരുതര രോഗമുള്ളവരും പാമ്പ് കടിയേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്നവരുമാണെന്നും ഡീന്‍ പറയുന്നു. നവജാതശിശുക്കളില്‍ ആറുപേര്‍ പെണ്‍കുട്ടികളും ആറുപേര്‍ ആണ്‍കുട്ടികളുമായിരുന്നു. ജീവനക്കാരെ സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഡീന്‍ പറഞ്ഞു.

80 കിലോമീറ്റര്‍ ചുറ്റളവില്‍ വിപുലമായ സൗകര്യങ്ങളുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് ഇതെന്നും രോഗികള്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞെന്നുമാണ് ഡീന്റെ വിശദീകരണം. മരുന്നുകള്‍ ഇല്ലാതെ വന്നതോടെ പ്രാദേശിക വിപണിയില്‍ നിന്നു വാങ്ങി രോഗികള്‍ക്ക് നല്‍കിയിരുന്നുവെന്നും ഡീന്‍ പറഞ്ഞു.

അതേസമയം ഡീന്റെ വാദം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ആശുപത്രിക്ക് 12 കോടി രൂപയുടെ ഫണ്ട് ഉണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം 4 കോടി രൂപ അനുദിക്കപ്പെട്ടിട്ടുണ്ടെന്നും മറ്റു രോഗികള്‍ക്ക് മികച്ച ചികില്‍സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയിലെ കൂട്ടമരണം ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിക്കു രൂപ നല്‍കിയതായി മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ദിലീപ് മഹൈസേകര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക