ഗുവാഹതി: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൗരത്വഭേദഗതി നിയമ(CAA) പ്രകാരം വിദേശികള്‍ക്ക് ഒരുഭാഗത്ത് പൗരത്വം കൊടുക്കുമ്പോള്‍, മറ്റൊരു ഭാഗത്ത് ഇന്ത്യയില്‍ കഴിയുന്നവരുടെ പൗരത്വം റദ്ദാക്കി അവരെ ജയിലിലടക്കുന്നു. അസമില്‍ 28 പേരെക്കൂടിയാണ് വിദേശിയെന്നാരോപിച്ച് ജയിലിലടച്ചത്. അസമിലെ ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്ലിംകളായ 18 പുരുഷന്‍മാരും ഒമ്പത് സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ഫോറിനേഴ്‌സ് ട്രൈബൂണല്‍ (FT) തിങ്കളാഴ്ച വിദേശികളെന്ന് വിധിച്ചിരുന്നു. ഇവരെയാണ് ഇന്നലെ തടങ്കിലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയില്‍ മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.
|
”ഇത് പശുവിറച്ചിയല്ലേ…ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നിങ്ങളെ തുണ്ടം തുണ്ടമാക്കും.. പെങ്ങളെ ബലാല്‍സംഗം ചെയ്യും!” ട്രെയ്‌നില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍
ബാര്‍പേട്ട ജില്ലാ പൊലിസ് സൂപണ്ടിന്റെ ഓഫീസില്‍നിന്ന് ഇവരെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബസ്സിനുള്ളിലുള്ളവര്‍ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ വൈകാരിക രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (National Register of Citizens -NRC) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് Foreigners Tribunals (FT). ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമില്‍ ആകെയുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം ‘അവരുടെ രാജ്യങ്ങളിലേ’ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളുണ്ട്.
എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ ‘ഡി’വോട്ടര്‍ (Doubtful-Voters – D-Voters) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു.
നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ക്ലിനിക്ക്, വിദ്യാലയം, ഭക്ഷണ ഹാള്‍ എന്നിവയും ഉണ്ട്.
28 people declared non-citizens by the Assam Foreigners’ Tribunals





