13
Feb 2025
Fri
13 Feb 2025 Fri
Tel Aviv Bus Explosion

തെല്‍അവീവ്: ഇസ്രായേലിന്റെ പ്രധാന നഗരമായ തെല്‍അവീവിന് സമീപത്ത് മൂന്ന് ബസ്സുകളില്‍ സ്‌ഫോടനം. (3 buses explode in Tel Aviv, Israel) വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. ബാത്ത് യാം, ഹോളോണ്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ബസ്സുകളിലാണ് സ്‌ഫോടനം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍ക്കും പരിക്കില്ലെന്നും മറ്റ് രണ്ട് ബസ്സുകളില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും പോലീസ് അറിയിച്ചു. രണ്ട് ബോംബുകളും അഞ്ച്കിലോഗ്രാം വീതം ഭാരമുണ്ടായിരുന്നു.

പ്രദേശത്ത് കര്‍ശന പരിശോധന നടക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗത്തും സമാനമായ സ്‌ഫോടനമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കില്‍ സൈനിക നടപടി ശക്തമാക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബേത്തിനും നിര്‍ദേശം നല്‍കി.

മുഴുവന്‍ ബസ്സുകളുടെയും ട്രെയ്‌നുകളുടെയും സേവനം നിര്‍ത്തിവച്ച് കര്‍ശന പരിശോധന നടത്താന്‍ ഗതാഗത മന്ത്രി മിറി റെഗവ് ഉത്തരവിട്ടു. ആക്രമണത്തെ തുടര്‍ന്ന് റെഗവിന്റെ മൊറോക്കോ സന്ദര്‍ശനം നിര്‍ത്തിവച്ചു.

ടൈമറുകള്‍ ഘടിപ്പിച്ച ഐഇഡികളാണ് പൊട്ടിത്തെറിച്ചതെന്ന് തെല്‍അവീവ് ജില്ലാ പോലീസ് മേധാവി ഹൈം സര്‍ഗറോഫ് അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിയതെന്ന് സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

സഫോടക വസ്തുക്കളില്‍ ചില എഴുത്തുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ഗറോഫ് സ്ഥിരീകരിച്ചു. വെസ്റ്റ്ബാങ്കിലെ തുല്‍ക്കാറെം നഗരത്തില്‍ നിന്നുള്ള ഭീഷണി സന്ദേശം സ്‌ഫോടക വസ്തുക്കളില്‍ ഉണ്ടായിരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ സൈനിക നടപടിക്കെതിരേ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക