ബ്രസീലിയ: പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയാണെന്ന് വ്യാജേന ആള്‍മാറാട്ടം നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത 37-കാരിയായ സ്ത്രീ ബ്രസീലില്‍ അറസ്റ്റിലായി. അമാന്‍ഡ മരിയ സൂസ ഡി ഒലിവേര എന്ന സ്ത്രീയാണ് പോലീസിന്റെ പിടിയിലായത്. ‘ഗബ്രിയേല’ എന്ന വ്യാജപേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് നടത്തിയ മാനസികാരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ സമാനമായ മറ്റ് ഏഴോളം തട്ടിപ്പ് കേസുകളുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
ബ്രസീലിലെ പിരാബീരാബ ജില്ലയിലുള്ള ഒരു കുടുംബത്തോടൊപ്പമാണ് കുട്ടി എന്ന വ്യാജേന ഇവര്‍ കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് സാന്റാ കാറ്ററീന പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനായി ഉപയോഗിച്ചത് വിചിത്രമായ തന്ത്രങ്ങള്‍
ബ്രസീല്‍ ജോയിന്‍വില്ലെ നഗരമാണ് തട്ടിപ്പിന് വേദിയായത്. മാതാപിതാക്കളുടെ ക്രൂരമായ പീഡനത്തിനിരയായി വീടുവിട്ടിറങ്ങിയതാണ് താനെന്ന് പറഞ്ഞ് സ്ഥലത്തെ പള്ളിവികാരിയെ സന്ദര്‍ശിച്ചായിരുന്നു യുവതിയുടെ തട്ടിപ്പിന്റെ തുടക്കം. കുട്ടികളുടെ സ്വഭാവത്തോടെ പെരുമാറിയ യുവതി ഗബ്രിയേല എന്ന പേരിലാണ് പള്ളിവികാരിയെ സമീപിക്കുന്നത്. തനിക്ക് ഓട്ടിസമാണെന്നും യുവതി പള്ളിവികാരിയെ ബോധിപ്പിച്ചു.
യുവതിയുടെ അവസ്ഥ കണ്ട് മനസലിഞ്ഞ സഭ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും താമസിക്കാന്‍ ഒരു സ്ഥലം നല്‍കാനും തയ്യാറായി. ഏറെ വൈകാതെ നഗരത്തിലെ ഒരു കുടുംബം ഗബ്രിയേലയെ ദത്തെടുത്ത് മകളായി വളര്‍ത്താന്‍ തീരുമാനിച്ചു.
കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി തനിക്ക് ഓട്ടിസവും മറ്റ് കടുത്ത ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്ന് ഇവര്‍ വിശ്വസിപ്പിച്ചു. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ശാരീരിക രൂപം കണ്ടിട്ട് ചോദിച്ചവരോട്, ചെറുപ്പകാലത്ത് നിര്‍ബന്ധിതമായി ഹോര്‍മോണ്‍ മരുന്നുകള്‍ കഴിക്കേണ്ടി വന്നതിന്റെ പാര്‍ശ്വഫലമാണിതെന്നാണ് ഇവര്‍ മറുപടി നല്‍കിയത്.
താന്‍ കുട്ടിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍, പാല്‍ക്കുപ്പി, ചൂപ്പി (Pacifiers) എന്നിവ ഇവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. കൂടാതെ കൊച്ചുകുട്ടികളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ബ്രസീലിലെ സാവോ പോളോ, റിയോ ഡി ജനീറോ, മിനാസ് ഗെറൈസ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
താന്‍ പിതാവിനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കിയിട്ടുണ്ടെന്നും കാണിച്ച് സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ചാരിറ്റി പ്രവര്‍ത്തകരെയും ഇരകളെയും കണ്ടെത്തിയിരുന്നത്.
മകളായി കണ്ട് ദത്തെടുക്കാന്‍ ഒരുങ്ങി കുടുംബം
ഇവരുടെ വാക്കുകളില്‍ വിശ്വസിച്ച് അഭയം നല്കിയ ദമ്പതികള്‍ കഴിഞ്ഞ 14 മാസമായി സ്വന്തം മകളെപ്പോലെയാണ് ഇവരെ നോക്കിയിരുന്നത്. ഈ കാലയളവില്‍ ഇവര്‍ക്കായി ഒരു ജന്മദിനാഘോഷം വരെ കുടുംബം സംഘടിപ്പിച്ചു. ക്രൂരമായ പീഡനങ്ങള്‍ കാരണം തനിക്ക് അമിതവണ്ണമുണ്ടെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന്, ഇവര്‍ക്കായി വിലകൂടിയ ‘മൗഞ്ചാരോ’ (Mounjaro) എന്ന ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് വാങ്ങി നല്‍കാനും കുടുംബം തയ്യാറെടുത്തു.
ഇവരെ നിയമപരമായി ദത്തെടുക്കാന്‍ ദമ്പതികള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കുമ്പോഴൊക്കെ ഒലിവേര ഒഴിഞ്ഞ് മാറുകയായിരുന്നു പതിവ്. ഒടുവില്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു ബന്ധു ഇന്റര്‍നെറ്റില്‍ സമാനമായ കേസുകളെക്കുറിച്ച് തിരഞ്ഞപ്പോഴാണ് ഒലിവേര മുന്‍പും ഇത്തരത്തില്‍ പിടിയിലായിട്ടുള്ള ഒരു അന്തര്‍സംസ്ഥാന തട്ടിപ്പുകാരിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുന്‍പും സമാനമായ കേസുകളില്‍ ഇവര്‍ പിടിയിലായിട്ടുണ്ടെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
37-year-old Brazilian woman acts like 12, gets adopted


