15
Dec 2024
Thu
15 Dec 2024 Thu
israel attack in syria

ഡമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വീഴ്ച്ചയെ തുടര്‍ന്നുള്ള അസ്ഥിര സാഹചര്യം മുതലെടുത്ത് ഇസ്രായേല്‍ നടത്തിയത് വന്‍ സൈനിക നീക്കം.(480 airstrikes; Israel destroys Syria’s entire military capability)  ഞായറാഴ്ച്ച മുതല്‍ ഇസ്രായേല്‍ നടത്തിയ 480 സൈനിക ആക്രമണങ്ങളിലൂടെ സിറിയയുടെ സൈനിക ശേഷി ഏറെക്കുറെ തകര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറിയന്‍ കര, നാവിക, വ്യോമസേനകളും ആയുധശേഷിയും സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടതായാണ് റിപോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സാധ്യമാകാത്തതാണ് രണ്ടു ദിവസത്തിനിടെ ഇസ്രായേല്‍ പൂര്‍ത്തിയാക്കിയത്. അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ തമ്പടിച്ചിരുന്ന ഇസ്രായേല്‍ കര സൈന്യം ബഫര്‍ സോണും കടന്ന് സിറിയക്കുള്ളിലെത്തി. ദമസ്‌കസിന് ഏതാനും കിലോമീറ്ററുകള്‍ അകലെ സൈന്യം എത്തിയതായാണ് റിപോര്‍ട്ട്.

ALSO READ: ഇസ്രായേല്‍ സൈന്യം സിറിയയിലേക്കു കയറുന്നു; ദമസ്‌കസിന് 25 കിലോമീറ്റര്‍ അകലെ എത്തിയെന്ന് പ്രദേശവാസികള്‍

സൈനിക ശേഷി ഏറെക്കുറെ നിര്‍വീര്യമാക്കപ്പെട്ട ഒരു സിറിയയാണ് ഇപ്പോള്‍ എച്ച്ടിഎസിന്റെ നിയന്ത്രണത്തിലുള്ളത്. ഏത് നിമിഷവും ഇസ്രായേല്‍ സൈന്യത്തിന് കൈയേറാവുന്ന ഒരു സാഹചര്യമാണിപ്പോള്‍.

ഹമാസ്, ഹിസ്ബുല്ല, ഇറാന്‍ എന്നിവക്കു മേല്‍ ഏല്‍പിച്ച മാരക അടികളുടെ നേരിട്ടുള്ള ഫലമാണ് സിറിയയില്‍ അസദിന്റെ വീഴ്ചയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറയുന്നു. ‘ഈ അച്ചുതണ്ട് അപ്രത്യക്ഷമായിട്ടില്ല. എന്നാല്‍, ഞാന്‍ വാഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം ഞങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്”- എന്നാണ് നെതന്യാഹുവിന്റെ വാക്കുകള്‍.

ഇസ്രായേല്‍ വ്യോമസേന നടത്തിയ 480 ആക്രമണങ്ങളില്‍ 350ഉം പൈലറ്റുമാര്‍ പറത്തിയ ബോംബറുകള്‍ നേരിട്ടായിരുന്നു. സ്‌കഡ്- ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍ എന്നിവക്ക് പുറമെ ഡമസ്‌കസ്, ഹിംസ്, തര്‍തൂസ്, ലടാകിയ, പാല്‍മിറ എന്നിവിടങ്ങളിലെ ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍, മറ്റിടങ്ങളിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, സൈനിക സംവിധാനങ്ങള്‍, ലോഞ്ചറുകള്‍ എന്നിങ്ങനെ ഓരോന്നും തിരഞ്ഞുപിടിച്ച് ചാരമാക്കപ്പെട്ടു. ലടാകിയ, അല്‍ബൈദ നാവികസേനാ തുറമുഖങ്ങളിലെ 15 യുദ്ധക്കപ്പലുകള്‍ തകര്‍ക്കപ്പെട്ടു. ഡമസ്‌കസിനു സമീപം മെസ്സ വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ട സൈനിക കോപ്ടറുകള്‍ പൂര്‍ണമായും ചാരമായി.

ഇതിനു പുറമെയാണ് ബഫര്‍സോണ്‍ പിന്നിട്ട് ബഹുദൂരം സഞ്ചരിച്ച് ഹെര്‍മോണ്‍ മലക്കപ്പുറത്ത് ബിഖാസിമില്‍ ഇസ്രായേല്‍ സൈന്യമെത്തിയത്. 1974ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍വന്ന ബഫര്‍ സോണ്‍ ഇല്ലാതായെന്ന് മാത്രമല്ല, സിറിയയില്‍ കുറെ പ്രദേശങ്ങള്‍ വരുതിയില്‍ നിര്‍ത്താനും അതുവഴിയായി.

ചൊവ്വാഴ്ച പുലര്‍ച്ചെ ഡമസ്‌കസ് നഗരത്തിലുടനീളം ബോംബുകള്‍ പതിക്കുന്ന ശബ്ദത്താല്‍ മുഖരിതമായിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ തലസ്ഥാന നഗരം ഇത്ര ഭീകരമായി ആക്രമിക്കപ്പെട്ടില്ലെന്ന് ‘വോയ്‌സ് ഓഫ് ദി ക്യാപിറ്റല്‍’ എന്ന സന്നദ്ധ സംഘടന പറയുന്നു.