17
Oct 2024
Mon
17 Oct 2024 Mon

ഇസ്രായേലിലെ സൈനികതാവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം തങ്ങളുടെ കൈയിലുണ്ടെന്ന ഇറാന്റെ താക്കീതിനു പിന്നാലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നു സംശയിക്കുന്ന 7 പേരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍. പണത്തിനു വേണ്ടി രാജ്യത്തെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറി വരികയാണെന്ന് കരുതുന്ന 7 ഇസ്രായേല്യരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ സൈനികനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈഫ സ്വദേശികളായ ജൂതരാണ് പിടിയിലായവരെല്ലാം. അസീസ് നിസനോവ്, അലക്‌സാണ്ടര്‍ സദ്‌കോവ്, വ്യചസ്ലാവ് ഗുഷ്ചിന്‍, യവഗിനി യോഫ്, യിഗാല്‍ നിസാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇസ്രായേല്‍ പ്രതിരോധ സേനയുടെ താവളങ്ങളുടെ ഫോട്ടോകളടക്കമുള്ളവയാണ് ഇവര്‍ ചിത്രീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ടെല്‍ അവീവിലെ സൈനിക ആസ്ഥാനം, നെവാതിം, റാമത് ഡേവിഡ് വ്യോമ താവങ്ങള്‍, അയണ്‍ ഡോം ബാറ്ററി കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. ഈ വര്‍ഷം ഇറാന്റെ മിസൈലുകള്‍ നെവാതിം താവളത്തില്‍ പതിച്ചിരുന്നു. റമത് ഡേവിഡിനെതിരേ ഹിസ്ബുല്ലയുടെ ആക്രമണം നടത്തിയിരുന്നു.

ഇറാന്റെ ഇന്റലിജന്‍സുമായും ഇറാന്‍ ഏജന്റുകളുമായും ഇവര്‍ ആശയവിനിമയമം നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങള്‍ കൈമാറിയതിനു പ്രതിഫലമായി പതിനായിരക്കണക്കിന് ഡോളറുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ചിലത് ക്രിപ്‌റ്റോകറന്‍സി രൂപത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

യുദ്ധവേളകളില്‍ രാജ്യദ്രോഹത്തിനു പിടിയിലാവുന്നവരെ വധശിക്ഷയ്ക്കു വിധേയരാക്കണമെന്ന് ഭരണകക്ഷിയംഗവും മന്ത്രിയുമായ മികി സോഹര്‍ ആവശ്യപ്പെട്ടു. 7 പേര്‍ ചാരവൃത്തി സംശയത്തിന് പിടിയിലായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.