ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം 77ാം സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആക്ടിങ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈ അവസരത്തില്‍ രാജ്യത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കുമുള്ള ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ സന്ദേശം ആക്ടിങ് കോണ്‍സല്‍ ജനറല്‍ സദസില്‍ വായിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോണ്‍സുലേറ്റ് കൈവരിച്ച നാഴികക്കല്ലുകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
|
കഴിഞ്ഞ ജനുവരി 1 മുതല്‍ ഇതുവരെ 2000 ത്തില്‍ അധികം ഇഖാമ കാലാവധി കഴിഞ്ഞതും ഹുറൂബ് ആയതുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. 752 പേര്‍ മരണപ്പെട്ടപ്പോള്‍ കാലതാമസം ഇല്ലാതെ എല്ലാ രേഖകളും ശരിയാക്കി നല്‍കി. പ്രവാസികളുടെ ക്ഷേമത്തിനായി ഐ സി ഡബ്ലിയു എഫ് ഫണ്ടില്‍ നിന്ന് 70,000 സൗദി റിയാല്‍ നല്‍കി. 34,000 പാസ്പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്തു. 2400 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഹാജിമാര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിയ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരെയും ആക്ടിങ് കോണ്‍സുല്‍ ജനറല്‍ പ്രശംസിച്ചു.
ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് അവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിന് എല്ലാ പിന്തുണയും സഹകരണവും നല്‍കിയതിന് സൗദി അധികാരികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും മുഹമ്മദ് അബ്ദുല്‍ ജലീല്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചു. ‘അമൃത് കാലിന്റെ’ ഭാഗമായി 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി സംസാരിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ മുന്നൂറിലധികം അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയിലുണ്ടായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആക്ടിങ് കോണ്‍സല്‍ ജനറല്‍ പ്രശംസാപത്രങ്ങള്‍ സമ്മാനിച്ചതോടെ പരിപാടി അവസാനിച്ചു.


