വാഹനം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി; 9 കാവട് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു
|
പാറ്റ്‌ന: കന്‍വാര്‍ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. (8 Kanvarias Electrocuted To Death in bihar).
ബിഹാറിലെ വൈശാലി ജില്ലയിലുള്ള ഹാജിപൂര്‍ പ്രദേശത്തെ ഇന്നലെയാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവര്‍ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാവട് യാത്രയില്‍ സോന്‍പൂരിലേക്ക് പോയ ഭക്തര്‍ അവിടെ നിന്ന് തിരിച്ച് തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകള്‍ ഭാഗം ഉയര്‍ന്ന തോതില്‍ വൈദ്യുതി കടന്നുപോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം.
വാഹനത്തിന്റെ ഉയരം വളരെ കൂടുതലായിരുന്നുവെന്നും അതുകൊണ്ടാണ് ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതെന്നും ഹാജിപൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഓം പ്രകാശ് അറിയിച്ചു. നിരവധി തീര്‍ത്ഥാടകരാണ് ഈ ഡി.ജെ വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഏതാനും ദിവസം മുമ്പ് ജാര്‍ഖണ്ഡിലും സമാനമായ അപകടമുണ്ടായിരുന്നു. അഞ്ച് പേരാണ് ആ അപകടത്തില്‍ മരിച്ചത്.
ശ്രാവണ മാസത്തില്‍ ദേവന് അര്‍പ്പിക്കാന്‍ ജന്മനാട്ടില്‍ നിന്ന് ഗംഗാജലം കൊണ്ടുപോകുന്ന ശിവഭക്തരാണ് കാവടികള്‍. എല്ലാ വര്‍ഷവും നടക്കുന്ന ഏറ്റവും വലിയ മതപരമായ യാത്രകളിലൊന്നാണ് കാവട് യാത്ര. എന്നാല്‍ ഈ വര്‍ഷം അത് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വര്‍ഗീയ ഉത്തരവുകള്‍ കാരണം വിവാദത്തില്‍പ്പെടുകയായിരുന്നു.
8 Kanvarias Electrocuted To Death in bihar





