കൊല്ലം തേവലക്കരയിൽ 80കാരിയെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. വസ്തു എഴുതിനൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മരുമകൾ മഞ്ജുമോള് തോമസ് വൃദ്ധയായ ഏലിയാമ്മ വർഗീസിനെ മർദ്ദിക്കുകയായിരുന്നു. വൃദ്ധയെ മർദ്ദിച്ച മഞ്ജുമോള് തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുമാസം മുമ്പാണ് വൃദ്ധയ്ക്ക് മർദ്ദനമേറ്റത്. ആക്രമണ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
|
ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കസേരയിലിരുന്ന വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദ്ദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.
മരുമകൾ തന്റെ മുടിക്കു കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





