കാസര്‍കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രജ്വല്‍ (14) ആണ് മരിച്ചത്. ബെള്ളൂര്‍ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര അനിത ദമ്പതികളുടെ മകനാണ്.
|
ഇന്നലെ(തിങ്കളാഴ്ച്ച) ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം. മാതാവ് അനിത, മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാന്‍ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് പ്രജ്വല്‍ സ്‌കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാന്‍ പ്രജ്വലിനെ അനുവദിച്ചിരുന്നുവെന്ന് അധ്യാപകര്‍ പൊലീസിനോടു പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് തൂങ്ങിയത്. എന്നാല്‍ പ്രജ്വലിന് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ല.
പഠന കാര്യത്തില്‍ ശരാശരിക്കാരനായ പ്രജ്വല്‍ മികച്ച പെരുമാറ്റത്തിനു ഉടമയായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. എന്തിനാണ് ജീവനൊടുക്കിയതെന്നു അറിയാതെ വിങ്ങുകയായാണ് സഹപാഠികളും കുടുംബവും. സഹോദരി: പ്രയാഗ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.


