1250 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ജപ്പാനില്‍ നടന്ന നഗ്‌നോത്സവമായ ഹഡാക മസൂരിയില്‍ സ്ത്രീകളുടെ സംഘം പങ്കെടുത്തു. സ്ത്രീകള്‍ ഉത്സവത്തില്‍ പങ്കെടുക്കുക എന്ന ആശയം മുമ്പ് ഒരിക്കല്‍പോലും ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ഈ ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കുന്നതിന് വിലക്ക് ഒന്നും ഉണ്ടായിരുന്നില്ല. അക്കാര്യത്തെപ്പറ്റി ആരും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ജാ പ്പനീസ് സ്വദേശിയായ നാരുഹിതോ സുനോദയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
|
എല്ലാവര്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന ഉത്സവമാണ് വേണ്ടതെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. ദൈവം അതില്‍ സന്തോഷവാനായിരിക്കുമെന്ന് താന്‍ കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എല്ലാവരും അവരുടെ നിലപാടുകളോട് യോജിക്കുന്നില്ല. പുരുഷന്മാരുടെ ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് എന്ത് കാര്യം എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. ഇത് പുരുഷന്മാരുടെ ഉത്സവമാണെന്നാണ് അവരുടെ വാദം.
രണ്ട് സമാന്തര വരികളിലായി നിന്ന് ചുവപ്പും വെള്ളയും ഇടകലര്‍ന്ന റിബണുകളില്‍ പൊതിഞ്ഞ നീളമുള്ള മുളവടി വഹിച്ചാണ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഉത്സവത്തിന്റെ ചടങ്ങുകള്‍ ആഴ്ചകള്‍ക്ക് മുമ്പേ സ്ത്രീകള്‍ പരിശീലിച്ചിരുന്നു. നമുക്ക് പോകാം എന്ന് അര്‍ത്ഥം വരുന്ന ”വാഷോയ്, വാഷോയ്”എന്ന ജാപ്പനീസ് പദം ഉരുവിട്ടുകൊണ്ടാണ് അവര്‍ മുന്നോട്ട് നീങ്ങിയത്. കൊനോമിയ ഷിന്റോ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പുരുഷന്മാരെ പോലെ ഇവരുടെ മേല്‍ തണുത്ത വെള്ളം ഒഴിച്ചു. വഴിപാടുകള്‍ സമര്‍പ്പിച്ച ശേഷം ചടങ്ങുകള്‍ അവസാനിപ്പിച്ചു. അപ്പോഴേക്കും സന്തോഷത്താല്‍ പലസ്ത്രീകളും ഉച്ചത്തില്‍ കരയുകയായിരുന്നു. പരസ്പരം നന്ദി പറഞ്ഞും ആശ്ലേഷിച്ചുമാണ് അവര്‍ പിരിഞ്ഞത്.


