27
Mar 2024
Mon
27 Mar 2024 Mon

നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി 70 ശതമാനം വരെ വിലക്കിഴിവില്‍ മരുന്നുകള്‍; പദ്ധതി അടുത്തമാസം മുതല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി 70 ശതമാനം വരെ വിലക്കിഴിവില്‍ മരുന്നുകള്‍ ലഭിക്കുന്ന പദ്ധതി അടുത്തമാസം മുതല്‍. അര്‍ബുദബാധിതര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കുമുള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന ‘നീതി മെഡിക്കല്‍ സ്‌കീം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ 16 മുതല്‍ 70 ശതമാനംവരെ വിലക്കിഴിവില്‍ ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കുമെന്നും എം മെഹബൂബ് അറിയിച്ചു.

ജനറിക് മരുന്നുകള്‍ ഗുണനിലവാരം ഉറപ്പാക്കി നല്‍കുന്ന ‘നീതിയുടെ ഉറപ്പ്’പദ്ധതിക്കും ഏപ്രില്‍ ഒന്നിന് തുടക്കമാകും. മരുന്നുകമ്പനികളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതിയുടെ പരിശോധന, അനലിറ്റിക്കല്‍ റിപ്പോര്‍ട്ട് എന്നിവ വഴി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. പിഎച്ച്‌സി മുതല്‍ മെഡിക്കല്‍ കോളേജില്‍ വരെ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും 50 ശതമാനംവരെ വിലക്കുറവില്‍ നല്‍കുന്ന പദ്ധതിയും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

മരുന്ന് വിപണന രംഗത്തെ വിപ്ലവകരമായ ഇടപെടലായിരുന്നു നീതി മെഡിക്കല്‍ സ്റ്റോറുകളെന്ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നീതി മെഡിക്കല്‍ സ്‌കീം രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

1998 ല്‍ ഇ.കെ നയനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറുകള്‍ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൊതു വിതരണ രംഗത്ത് ശക്തമായി നിലനില്‍ക്കുകയാണ്. 2016 വരെ 496 നീതി മെഡിക്കല്‍ സ്റ്റോറുകളാണ് നിലവില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് നീതി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല വിപുലീകരിക്കുക എന്ന ആശയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് സംസ്ഥാനത്താകെ 1760 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആണ് നിലവിലുള്ളത്. ഇതുവഴി 923 കോടി രൂപയുടെ മരുന്നുകള്‍ വിപണനം ചെയ്യാന്‍ കണ്‍സ്യൂമര്‍ഫെഡിനായി. 12 നീതി മെഡിക്കല്‍ വെയര്‍ഹൗസുകളും കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ മരുന്നുകള്‍ നല്‍കി വരികയാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍. മറ്റു മെഡിക്കല്‍ സ്റ്റോറുകളില്‍ എംആര്‍പി തുക ഈടാക്കിയിരുന്ന സാഹചര്യത്തില്‍ 14 മുതല്‍ 70 ശതമാനം വരെ ഇളവ് നല്‍കി ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ മരുന്നുകള്‍ നല്‍കാന്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്കായി.

ഇന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍, വെറ്ററിനറി കോളേജുകള്‍ എന്നിവിടങ്ങളിലേക്കും മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ട് കൂടുതല്‍ ശക്തമാവാന്‍ ഒരുങ്ങുകയാണ് കണ്‍സ്യൂമര്‍ഫെഡ്. ഇതിനായി നൂതന പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രൈസിംഗ് പോളിസി പദ്ധതി വഴി മരുന്നുകളുടെ വിലയില്‍ പൊതുജനങ്ങള്‍ക്ക് ഇളവ് ലഭ്യമാകും. അങ്ങേയറ്റം ചൂഷണം നേരിടുന്ന ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. വിപുലമായി വരുന്ന ജെന്റിക് മരുന്നുകളും ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണി ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ത്രിവേണിബ്രാന്‍ഡില്‍ വിപണിയിലേക്ക് എത്തിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ കയറ്റുമതി എറക്കുമതി സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.സഹകരണ മേഖലയുടെ ശക്തിയാണ് ഇത്തരം പരിപാടിയിലൂടെ അറിയാന്‍ കഴിയുന്നത്. സഹകാരികള്‍ ഒത്തുകൂടുന്നത് സഹകരണ മേഖലയുടെ കരുത്താണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

neethi medical scheme april 1st onwards