31
Mar 2024
Fri
31 Mar 2024 Fri
couples arrested after police found road accident drama

പാറശ്ശാല: ചോരയില്‍ കുളിച്ച നിലയില്‍ വഴിയരികില്‍ നിന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്നു വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ പിടിയിലായി. തമിഴ്നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം(28) മരിച്ച സംഭവത്തിലാണ് കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ഇയാളുടെ ഭാര്യ ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ ആല്‍ബര്‍ട്ട് (26) എന്നിവര്‍ പിടിയിലായത്. പൊഴിയൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് അസീമിനെ ചെങ്കവിളക്ക് സമീപം എള്ളുവിളയില്‍ റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ചെങ്കവിളയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ചോരയില്‍ കുളിച്ച യുവാവിനെ കണ്ടത്. ഉടന്‍ 108 ആംബുലന്‍സ് വിളിച്ച് അസീമിനെ ആശുപത്രിയിലേക്ക് മാറ്റുകയും പൊഴിയൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും അസീം വെള്ളിയാഴ്ച രാവിലെ മരിച്ചു.

അസീമിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടമെന്നു കരുതാവുന്ന യാതൊരു തെളിവുകളും കണ്ടെത്തിയില്ല. അര്‍ധബോധാവസ്ഥയിലായിരുന്ന അസീം ആശുപത്രിയിലേക്ക് മാറ്റുന്ന വേളയില്‍ ഷമീര്‍, ജനീഫ എന്ന പേരുകള്‍ പറഞ്ഞതായി മെഡിക്കല്‍ സ്റ്റോര്‍ ഉടമ പൊലീസിന് മൊഴി നല്‍കുകയും ചെയ്തതോടെ പൊലീസിന് സംശയം കൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷമീറും ജനീഫയും പിടിയിലാവുകയായിരുന്നു.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഷമീറിന്റെ ഭാര്യ ജനീഫയും അസീമും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ ഷമീറും ജനീഫയും പിണങ്ങി. ഇതോടെ കുറച്ച് ദിവസങ്ങളായി ജനീഫ മങ്കുഴിയില്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി അസീം മങ്കുഴിയിലെ വീട്ടില്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഷമീര്‍ വ്യാഴാഴ്ച വൈകീട്ട് ജനീഫയെ ഫോണില്‍ വിളിക്കുകയും താന്‍ കൊച്ചിയില്‍ പോകുന്നതായി പറയുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷമീര്‍ ജനീഫയുടെ വീട്ടിലെത്തിയപ്പോള്‍ അസീമിനെ നേരില്‍ കണ്ടു. ഇതോടെ ഇവിടെ കിടന്ന തടി ഉപയോഗിച്ച് ഷമീര്‍ അസീമിനെ അടിച്ചുവീഴ്ത്തി. അടിയേറ്റ് അബോധാവസ്ഥയിലായ അസീമിനെ ഷമീറും ജനീഫയും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇരുവര്‍ക്കും ഇടയില്‍ ഇരുത്തി ചെങ്കവിളക്ക് സമീപം മുള്ളുവിളയില്‍ കൊണ്ടുവന്ന് റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു.പൊഴിയൂര്‍ എസ്എച്ച്ഒ ദീപു, ഗ്രേഡ് എസ്‌ഐ. പ്രേമന്‍, എസ്‌ഐ ദീപക്ക്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഡിപിന്‍, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക