തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ കൊടങ്ങാവിള ജംഗ്ഷനിലെ ചാനല്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ( Youth hacked to death in Neyyattinkara )
|
ബൈക്കില്‍ പോവുകയായിരുന്ന ആദിത്യനെ പിന്നാലെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ആംബുന്‍സ് കിട്ടാത്തതിനാല്‍ രണ്ടുപേര്‍ ചേര്‍ന്ന് സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് ആദിത്യനെ ആശുപത്രിയിലെത്തിച്ചത്. മൃതദ്ദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ആദിത്യന്‍. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിന്‍ എന്ന യുവാവും ആദിത്യനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ജിബിന്‍ നാലു പേരെ കൂട്ടി കൊടുങ്ങാവിള ജംങ്ഷനില്‍ വച്ച് ആദ്യത്യനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ കാഞ്ഞിരംകുളം സ്വദേശികളാണെന്നാണ് വിവരം. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യന്‍ നെയ്യാറ്റിന്‍കര പത്താംകല്ലിലായിരുന്നു താമസിച്ചിരുന്നത്.





