ജുമുഅ ഒഴിവാക്കേണ്ടിവന്നാലും സാരമില്ല വോട്ട് ചെയ്യാതിരിക്കരുത്; നജീബ് മൗലവി
|
കോഴിക്കോട്: വെള്ളിയാഴ്ചത്തെ പവിത്രമായ ജുമുഅ നിസ്‌കാരം ഒഴിവാക്കേണ്ടിവന്നാലും സാരമില്ലെന്നും വിശ്വാസികള്‍ വോട്ട് ചെയ്യാതിരിക്കരുതെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സമസ്ത ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ മൗലാനാ എ. നജീബ് മൗലവി. വെള്ളിയാഴ്ച്ച തന്നെ തെരഞ്ഞെടുപ്പ് നിശ്ചയിച്ച് മുസ്ലിംകളുടെ വോട്ട് ഇല്ലാതാക്കാന്‍ മുസ്ലിംവിരുദ്ധ ശക്തികള്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെങ്കില്‍ അത് ഒരിക്കലും അനുവദിക്കരുത്. വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനും മതേതര ഭരണകൂടം നിലവില്‍ വരുന്നതിനും വേണ്ടി പരമാവധി പരിശ്രമിക്കേണ്ടതാണ് ഈ തെരഞ്ഞെടുപ്പില്‍. അതിന് അന്ന് ജുമുഅ ഒഴിവാക്കിയാലും കുഴപ്പമില്ല. ഒരുസമയത്ത് ഒരുകൂട്ടര് നിസ്‌കരിച്ച് പിന്നീട്ട് രണ്ടാംഘട്ടത്തില്‍ ജുമുഅ നടത്താന്‍ കഴിയുമെന്നും നജീബ് മൗലവി പറഞ്ഞു.
ഇബ്‌നു ഉമര്‍ എന്ന പ്രവാചക അനുയായി പോലും ഒരിക്കല്‍ ജുമാ നിസ്‌കാരം ഒഴിവാക്കിയ സംഭവം സൂചിപ്പിച്ചുകൊണ്ടായിരുന്നു നജീബ് മൗലവിയുടെ വിശദീകരണം. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണം. അതിനായി വോട്ട് ചെയ്യലല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. മുസ്ലിം സമുദായം ശ്രദ്ധാലുക്കളായിരിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരു അവസരവും സൃഷ്ടിച്ചുകൊടുക്കരുത്. മുസ്ലിംകള്‍ വോട്ട് ചെയ്യാന്‍ പള്ളിയില്‍ പോകുന്ന സമയത്ത് കള്ള വോട്ട് ചെയ്യാനോ വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടാക്കാനോ അവസരം ഉണ്ടാക്കരുത്. മുസ്ലിം വിരുദ്ധ ശക്തികളെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാണ് ഏറ്റവും പ്രധാനമെന്നും നജീബ് മൗലവി പറഞ്ഞു.
കേരളത്തില്‍ എപ്രില്‍ 26ന് വെള്ളിയാഴ്ച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിനോട് മുസ്ലിം മത സംഘടനകളും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും യു.ഡി.എഫും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നജീബ് മൗലവിയുടെ പ്രസ്താവന.
Cast votes even by skipping juma, says Sunni scholar
Sunni scholar and general secretary of Kerala Samsthana Jem-Iyyathul Ulama A Najeeb Moulavi has exhorted Muslims to cast their votes this election at any cost even if that meant skipping the mandatory juma on Friday.





