ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ തമിഴ്‌നാടും ലക്ഷദ്വീപും പുതുച്ചേരിയും ബൂത്തിലേക്ക്
|
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇവിടെ പാര്‍ട്ടികള്‍ക്ക് ഇന്ന് നിശബ്ദ പ്രചാരണം നടത്താം. ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി എന്നിവയടക്കം 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. കൂടാതെ അരുണാചല്‍പ്രദേശ് (2), മേഘാലയ (2), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (1) എന്നിവിടങ്ങളിലും ആദ്യഘത്തട്ടോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. നക്‌സല്‍ വേട്ട നടന്ന ഛത്തീസ്ഗഡിലെ ബസ്തറില്‍ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം അരുണാചല്‍പ്രദേശിലെ 60, സിക്കിമിലെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ഏഴുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ് നടക്കുക. രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏഴ് ഘട്ടമായി നീളുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് നാളെയാണ്.
കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആദ്യഘട്ടത്തിലേക്കുള്ള മണ്ഡലങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.





