കോഴിക്കോട്: ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്ന കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ രണ്ട് പ്രതിനിധികളെ നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പിയില്‍ സമൂലനേതൃമാറ്റത്തിനും ഒരുങ്ങുന്നു. സുരേഷ് ഗോപി മന്ത്രിയാകുമെന്നുറപ്പായിരുന്നുവെങ്കിലും ജോര്‍ജ് കുര്യന്റെത് സര്‍പ്രൈസ് എന്‍ട്രിയാണ്. ദീര്‍ഘകാലമായി ബി.ജെ.പി. കണ്ണുവെക്കുന്ന ക്രൈസ്തവ വോട്ടുബാങ്കിലേക്ക് ജോര്‍ജ് കുര്യന്‍വഴി പാലംപണിയുകയാണ് ലക്ഷ്യം. സഭാനേതൃത്വവുമായി അദ്ദേഹം നല്ലബന്ധം പുലര്‍ത്തുന്നയാളുമാണ്.
|
കേരളത്തില്‍ അക്കൗണ്ടുതുറന്ന സാഹചര്യത്തില്‍ കെ. സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരവസരംകൂടി നല്‍കണമെന്ന വാദം ഉണ്ട്. എന്നാല്‍, ഈ വിജയത്തില്‍ സംസ്ഥാനനേതൃത്വത്തിന് പങ്കില്ലെന്നും നേരത്തേതന്നെ അനുയോജ്യരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിജയം നേടാനാകുമായിരുന്നു എന്നുമാണ് മറുപക്ഷത്തിന്റെ വാദം. ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍.എസ്.എസിലെ ഒരുവിഭാഗവും സുരേന്ദ്രന്‍- മുരളീധരന്‍ വിരുദ്ധരും രംഗത്തുണ്ട്. കഴിഞ്ഞതവണ ആറ്റിങ്ങലിലും ഇത്തവണ ആലപ്പുഴയിലും തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന വാദത്തിനും ശക്തികൂടും. വി. മുരളീധരനെ വീണ്ടും പ്രസിഡന്റാക്കണമെന്ന നിലപാടുകാരുമുണ്ട്.
എന്നാല്‍, വിഭാഗീയത അവസാനിപ്പിക്കാന്‍ സുരേന്ദ്രന്‍- മുരളീധരന്‍ വിരുദ്ധ പക്ഷത്തുള്ള ശോഭാസുരേന്ദ്രനെ കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വത്തിന് താല്‍പ്പര്യം. ബിജെപി സ്ഥാനാര്‍ഥികളില്‍ കൂടുതലായി വോട്ട് വാങ്ങിയതില്‍ ഒരാളും ശോഭയാണ്. ആലപ്പുഴയില്‍ കരുത്തനായ കെ.സി വേണുഗോപാലിനെതിരേ മത്സരിച്ച് 2019നെ അപേക്ഷിച്ച് ഒരുലക്ഷത്തിലധികം വോട്ടുകളാണ് ശോഭ സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ശോഭ 2,99,648 വോട്ടുകള്‍ നേടി. 2019 ല്‍ 1,87,729 വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ടെണ്ണലിനെ മറികടന്നു.
BJP likely to elevate Sobha Surendran in party ranks





