17
Jun 2024
Sat
17 Jun 2024 Sat
September 11 attack video

വാഷിങ്ടണ്‍: അമേരിക്കയില്‍ 2011 സപ്തംബര്‍ 11ന് അല്‍ഖാഇദ ആക്രമണം നടത്താന്‍ തീരുമാനിക്കുന്നതിന് മൂന്ന് മാസം മുമ്പ് സൗദി അറേബ്യന്‍ സ്വദേശി ചിത്രീകരിച്ച വീഡിയോ പൂറത്ത്. ( Newly released video shows Saudi man filming locations ahead of 9/11 attacks )  എഫ്ബിഐ സൗദി ഇന്റലിജന്‍സ് ഏജന്റാണെന്ന് അവകാശപ്പെടുന്ന ഉമര്‍ അല്‍ ബയൂമി 1999ല്‍ ചിത്രീകരിച്ച വീഡിയോ സിബിഎസ് ചാനല്‍ ആണ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഫ്ബിഐയുടെ കൈവശമുണ്ടായിരുന്ന വീഡിയോ ഇരകളുടെ കുടുബം നടത്തിയ കോടതി നടപടികളുടെ ഭാഗമായാണ് പുറത്തുവന്നത്. ആക്രമണത്തില്‍ സൗദി അറേബ്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് ഇരകളുടെ കുടുംബം ആരോപിക്കുന്നത്.

വാഷിങ്ടണ്‍ സ്മാരകം, പ്രധാന കവാടങ്ങള്‍, യുഎസ് കാപിറ്റോള്‍ ബില്‍ഡിങിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ഉമര്‍ അല്‍ ബയൂമിയുടെ കമന്ററിയോട് കൂടിയ വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ ഒരിടത്ത് ഒരു ‘പദ്ധതി’യെക്കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.

കാപിറ്റോള്‍ കെട്ടിടം വിമാനം തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍, യാത്രക്കാര്‍ ഹൈജാക്കര്‍മാരെ നേരിട്ടതോടെ വിമാനം പെനിസില്‍വാനിയയില്‍ ഇടിച്ചിറക്കുകയായിരുന്നു.

എന്നാല്‍, സപ്തംബര്‍ 11 ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം സൗദിയും ബയൂമിയും നേരത്തേ പല തവണ നിഷേധിച്ചിരുന്നു. കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സൗദി കോടതിയെ സമീപിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ വാദം കേള്‍ക്കും.

2001ലെ ആക്രമണത്തിന് പിന്നാലെ ബയൂമിയുടെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥരാണ് ഈ വീഡിയോ കണ്ടെത്തിയത്. ആ സമയത്ത് ബയൂമി ബര്‍മിങ്ഹാമിലെ ആസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു. ബയൂമിയുടെ ഫ്‌ളാറ്റില്‍ നിന്ന് ആ സമയത്തെ സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു അഡ്രസ് ബുക്ക് കണ്ടെത്തിയതായും ഇരകളുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു.

വിമാനം തട്ടിക്കൊണ്ടു പോയ നവാഫ് അല്‍ ഹസ്മി, ഖാലിദ് അല്‍ മിഹ്ദര്‍ എന്നിവരുമായി ബയൂമിക്ക് ബന്ധമുണ്ടായിരുന്നത് കൊണ്ട് നേരത്തേ തന്നെ ബയൂമി സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍, ബയൂമിക്ക് ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ എഫ്ബിഐക്ക് ഉറപ്പില്ല. അമേരിക്കയിലെത്തിയ ഹൈജാക്കര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അദ്ദേഹം ചെയ്ത് നല്‍കിയതായും എഫ്ബിഐ റിപോര്‍ട്ടില്‍ പറയുന്നു.

പല ദിവസങ്ങളിലായി ചിത്രീകരിച്ച വീഡിയോ വലിയ ക്വാളിറ്റി ഇല്ലാത്തതാണ്. ”പ്രിയപ്പെട്ട ബഹുമാന്യ സഹോദരങ്ങളേ, നിങ്ങള്‍ക്ക് ഉമര്‍ അല്‍ ബയൂമിയുടെ അഭിവാദ്യം” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന്, ”ബഹുമാന്യ സഹോദരങ്ങളേ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ നിന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്നു” എന്നും കൂട്ടിച്ചേര്‍ക്കുന്നു.

വാഷിങ്ടണ്‍ സ്മാരകം കാണിച്ച് കൊണ്ട് ”താനവിടെ പോയി വിശദമായി റിപോര്‍ട്ട് ചെയ്യു”മെന്ന് പറയുന്നു. ഈ സ്ഥലത്തിന് എയര്‍പോര്‍ട്ടില്‍ നിന്ന് എത്ര ദൂരമുണ്ടെന്നും വിശദീകരിക്കുന്നുണ്ട്. കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ ചൂണ്ടിക്കാട്ടി ബയൂമി പറയുന്നത് ഇങ്ങിനെയാണ്: ”ഇതാണ് നിങ്ങള്‍ പ്ലാനില്‍ ഉണ്ടെന്ന് പറഞ്ഞ അവരുടെ കാര്‍”

ബയൂമി ഈ വീഡിയോ ചിത്രീകരിക്കുമ്പോള്‍ അല്‍ഖാഇദയുമായി ബന്ധമുള്ള രണ്ട് സൗദി നയതന്ത്ര പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നുവെന്നും എഫ്ബിഐ അവകാശപ്പെടുന്നു.

പുറത്തു വന്ന വീഡിയോയെ കുറിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.