28
Jun 2024
Sun
28 Jun 2024 Sun
Lawyer Kidnaps Tortures 17-Year-Old Boy for Drinking Soda With Daughter

മകൾക്കൊപ്പം സോഡ കുടിച്ചതിന് 17കാരനെ പെൺകുട്ടിയുടെ പിതാവായ അഭിഭാഷകൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ആൺകുട്ടിയെ കൊല്ലുന്നതിനു മുമ്പ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാ​ഗത്തിൽ ​ഗുരുതര നിലയിൽ ചികിൽസയിൽ തുടരുകയാണ് കുട്ടിയിപ്പോൾ. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ ബിതൂറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെത്തിച്ചായിരുന്നു ബിഫാം വിദ്യാർഥിയായ 17കാരനെ ക്രൂരമായി മർദ്ദിച്ചത്. 17കാരനൊപ്പം പഠിക്കുകയാണ് അഭിഭാഷകന്റെ മകളും. ഇരുവരും പുറത്ത് കടയിൽ നിന്ന് ശീതളപാനീയം കുടിച്ചുനിൽക്കുന്നത് അഭിഭാഷകൻ കാണുകയും തുടർന്ന് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
ബ്രാജ് നരെയൻ നിഷാദ് എന്ന അഭിഭാഷകൻ, ഇയാളുടെ സഹോദരനായ തേജ് നരെയ്ൻ എന്നിവർ അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു.

അതേസമയം ബ്രാജ് നരെയന്റെ മകളെ 17കാരൻ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് മർദ്ദനമെന്ന് പ്രദേശത്തെ അഭിഭാഷകർ അവകാശപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് 17കാരനെതിരേ പോക്സോ കേസെടുത്തു. അഭിഭാഷകനെയും സഹോദരനെയും ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.