17
Jul 2024
Fri
17 Jul 2024 Fri
Labor party winning

ലണ്ടന്‍: ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകള്‍. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 131ല്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും ഗ്രീന്‍ പാര്‍ട്ടി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകള്‍ വേണം. ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി), എസ്.ഡി.എല്‍.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി), സിന്‍ ഫെയിന്‍, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ജനവിധി തേടിയത്.

സര്‍ക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 14 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ കനത്ത പരാജയം നേരിടുമെന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. പണപ്പെരുപ്പ നിരക്കില്‍ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 2.3 ശതമാനത്തില്‍ എത്തിയതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് കരുതുന്നത്. 2025 ജനുവരി 28നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടുന്നത്.

2019ലെ ലേബര്‍ പാര്‍ട്ടിയുടെ തോല്‍വിക്കു ശേഷം ജെറമി കോര്‍ബിനില്‍ നിന്ന് ചുമതലയേറ്റ കെയ്ര്‍ സ്റ്റാര്‍മറിനും ആദ്യ തെരഞ്ഞെടുപ്പാണിത്. ഭൂരിപക്ഷം ലഭിച്ചാല്‍ 2010ല്‍ ഗോര്‍ഡന്‍ ബ്രൗണിനു ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബര്‍ പാര്‍ട്ടി നേതാവാകും സ്റ്റാര്‍മര്‍. ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 46 ദശലക്ഷത്തിലേറെ പേര്‍ക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുക.