സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ ഡയലോഗുകളും പ്രവര്‍ത്തികളും പാര്‍ട്ടിക്ക് പണിയാവുന്നതായി ബിജെപി വിലയിരുത്തല്‍.(BJP is worried that Suresh Gopi’s controversial speech will badly effect in Palakkad) നേരത്തേ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ഡ്രൈവറെ തല്ലിയതും മീഡിയ വണ്‍ റിപോര്‍ട്ടറോട് തട്ടിക്കയറിയതുമൊക്കെ വിവാദമായിരുന്നു. കേന്ദ്രമന്ത്രിയായതിന് ശേഷവും സുരേഷ് ഗോപി ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം തുടരുന്നതാണ് പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ വിവാദ പ്രസംഗം
ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പാലക്കാട് ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
|
”ഉദ്ഘാടനത്തിനെത്തുക എംപിയായിട്ടായിരിക്കില്ല സിനിമാനടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം കൃത്യമായി പറഞ്ഞു തന്നെ വാങ്ങുമെന്നുമുള്ള” സുരേഷ് ഗോപിയുടെ പ്രതികരണമാണ് ബി.ജെ.പിയെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരായാലും അവിടെ പ്രചരണം നയിക്കാന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപി മുന്നിലുണ്ടാവും. ആ സുരേഷ് ഗോപിയുടെ പണത്തോടുള്ള താല്‍പ്പര്യം ചര്‍ച്ചയാവുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
യുഡിഎഫും ഇടതുപക്ഷവും ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കടന്നാക്രമിക്കുമെന്നത് ഉറപ്പാണ്. സുരേഷ് ഗോപി എം.പി മാത്രമല്ല കേന്ദ്ര മന്ത്രിയാണെന്നതു കൂടി ഓര്‍മിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ”സിനിമയ്ക്കും പണത്തിനുമാണ് പരിഗണനയെങ്കില്‍ പിന്നെ എന്തിനാണ് എം.പിയാകാനും മന്ത്രിയാകാനും പോയതെന്ന” ചോദ്യമാണ് ചോദിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മുഴം മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയ ബി.ജെ.പിയ്ക്ക് സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഇതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കാരുണ്യ പ്രവര്‍ത്തികള്‍ക്കായാണ് സുരേഷ് ഗോപി പണം വാങ്ങുന്നതെന്ന മറുവാദവും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പൊളിച്ചടുക്കപ്പെടുന്നുണ്ട്. രാജ്യം ഭരിക്കുന്ന മന്ത്രി ആ അധികാരം ഉപയോഗിച്ചാണ് പാവങ്ങളെ സഹായിക്കേണ്ടതെന്ന വാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്.
ഒറ്റപ്പെട്ട സഹായങ്ങള്‍ നല്‍കുകയും അത് പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ വലിയ വാര്‍ത്തയാക്കി നേട്ടം കൊയ്യാനും ആരു തന്നെ ശ്രമിച്ചാലും അത്തരം ചെപ്പടി വിദ്യകള്‍ക്ക് അല്പായുസാണ് ഉണ്ടാകുക എന്നതാണ് ഈ വിഭാഗത്തിന്റെ വാദം.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,859 വോട്ടുകള്‍ക്ക് മാത്രമാണ് ഷാഫി പറമ്പിലിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഷാഫിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി തൊട്ടു പിന്നില്‍ വന്നിരുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ശ്രീധരനാണ്. ഷാഫി പറമ്പില്‍ 54,079 വോട്ടുകള്‍ നേടിയപ്പോള്‍, ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ, 36,433 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരവും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് ബി.ജെ.പിയാണ്. യുഡിഎഫും എല്‍ഡിഎഫും കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി അവരവരുടെ വോട്ടുകള്‍ പെട്ടിയിലാക്കിയാല്‍ അതിനിടയിലൂടെ ജയിച്ചു കയറാനാവുമെന്ന പതീക്ഷയിലാണ് ബിജെപി.





