കോഴിക്കോട്: മുസ്ലിംകള്‍ക്കെതിരേ നിരന്തരം സംഘടിത വര്‍ഗീയ ആക്രമണങ്ങള്‍ തുടരുമ്പോഴും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് നാഷനല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്. (lynching: Rahul Gandhi’s silence is a mystery ) ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യവ്യാപകമായി മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും എന്‍.കെ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.
|
ആള്‍ക്കൂട്ട ആക്രമണങ്ങളും ഗോരക്ഷാ സേനയുടെ ആക്രമണങ്ങളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങളാണ്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ഇവരുടെ ലക്ഷ്യം.മുസ്ലിംകളെ അരികുവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടകളെ തുറന്നുകാണിക്കുന്നതിന് പകരം പ്രതിപക്ഷം അവഗണിക്കുന്നത് ഗൗരവതരമാണ്.
ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും സമാനമായ ആക്രമണങ്ങളാണ് നടക്കുന്നത്.
ബലി പെരുന്നാളിനോടനുബന്ധിച്ച് നിരവധിപേര്‍ പശുക്കടത്തിന്റെ പേരില്‍ അക്രമണങ്ങള്‍ക്ക് ഇരകളായി. ഛത്തീസ്ഗഢില്‍ മൂന്ന് പേരെയാണ് ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയത്. പലയിടങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. വര്‍ഗീയ കലാപ ശ്രമങ്ങളും ആക്രമണങ്ങളും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.





