18
Jul 2024
Wed
18 Jul 2024 Wed
kamala harris

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന കമലാ ഹാരിസിന് മുന്‍തൂക്കമെന്ന് സര്‍വേ.(US Presidential Election: Kamala Harris leads in survey) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ട് പോയിന്റിന്റെ മുന്‍തൂക്കം കമലാ ഹാരിസിനുണ്ടെന്നാണ് റോയിറ്റേഴ്‌സ്/ഐപിഎസ്ഒഎസ് നടത്തിയ സര്‍വ്വേ പറയുന്നത്. ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയശേഷം നടത്തിയ ആദ്യ സര്‍വേയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രംപിന് 42 ശതമാനവും കമലയ്ക്ക് 44 ശതമാനവുമാണ് വോട്ടര്‍മാരുടെ പിന്തുണ. തിങ്കളാഴ്ച പിബിഎസ് ന്യൂസ്/എന്‍പിആര്‍/മരിസ്റ്റ് നടത്തിയ സര്‍വ്വേയില്‍ ഒരുശതമാനത്തിന്റെ നേരിയ മുന്‍തൂക്കം ട്രംപിനായിരുന്നു. റജിസ്‌ട്രേഡ് വോട്ടര്‍മാരില്‍ 46 ശതമാനം ട്രംപിനും 45 ശതമാനം കമലയ്ക്കും അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ഒമ്പത് ശതമാനം തീരുമാനമെടുത്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്.
US Presidential candidate Kamala Harris

സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയ ബൈഡന്റെ തീരുമാനം ശരിയാണെന്ന അഭിപ്രായമാണ് 87 ശതമാനം അമേരിക്കക്കാര്‍ക്കും ഉള്ളതെന്നാണ് പിബിഎസ് ന്യൂസ് സര്‍വ്വേ പറയുന്നത്.

സ്ഥാനാര്‍ഥിയായി ഔദ്യോഗിക നാമനിര്‍ദേശം നേടാനുള്ള ഡമോക്രാറ്റ് പ്രതിനിധികളുടെ പിന്തുണ ഇതിനോടകം കമല ഉറപ്പാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.പി. നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രിയോടെ 2,579 പ്രതിനിധികളുടെ പിന്തുണ കമല ഉറപ്പാക്കി. 1,976 പ്രതിനിധികളുടെ പിന്തുണയാണ് സ്ഥാനാര്‍ഥിത്വം നേടാന്‍ വേണ്ടത്. പ്രൈമറികളിലൂടെ ബൈഡന്‍ 3896 പ്രതിനിധികളുടെ പിന്തുണ നേടിയിരുന്നു. ആകെ 4,763 പ്രതിനിധികളാണുള്ളത്.

ഇന്ത്യന്‍ വംശജയായ കമലയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് മിക്ക സംസ്ഥാനങ്ങളിലും തിങ്കളാഴ്ച രാത്രി ഡെമോക്രാറ്റിക് പ്രതിനിധികള്‍ യോഗം ചേര്‍ന്നു. ടെക്‌സസില്‍ 80 ശതമാനം പേരും കമലയെ പിന്തുണച്ചു. അതിനിടെ, രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാനുള്ള തങ്ങളുടെ പോരാട്ടം സ്വാതന്ത്ര്യപ്പോരാട്ടം കൂടിയാണെന്നു കമല പറഞ്ഞു.
Donald Trump

തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കേ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗംപകരാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. ഞായറാഴ്ച ബൈഡന്റെ പ്രചാരണപരിപാടി ‘ഹാരിസ് ഫോര്‍ പ്രസിഡന്റ്’ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

ബൈഡന്‍ പിന്മാറി 24 മണിക്കൂറിനകം കമലയുടെ പ്രചാരണഫണ്ടിലേക്ക് 8.1 കോടി ഡോളര്‍ എന്ന റെക്കോഡ് തുകയാണെത്തിയത്. ജനപ്രതിനിധിസഭാ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുള്‍പ്പെടെ മുതിര്‍ന്ന പല ഡെമോക്രാറ്റിക് നേതാക്കളും കമലയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വച്ച് ട്രംപിന് വെടിയേറ്റതിന് പിന്നാലെയായിരുന്നു ബൈഡന്റെ പിന്മാറ്റം. ട്രംപിന്റെ ജനപ്രീതി വര്‍ധിച്ചതും ഡമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നതും ബൈഡന്റെ പിന്മാറ്റത്തിന് കാരണമായി. പ്രായാധിക്യവും ഒപ്പം കോവിഡ് ബാധിച്ചതും പിന്മാറ്റത്തിന് കാരണമാണ്.