ഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് സ്വയംഭരണാവകാശം തകര്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.(Center set to curtail powers of Waqf Board; Bill in Parliament today) വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട ബില്ല ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കി.
|
വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി ഇനിമുതല്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളതെന്നാണ് കണക്ക്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താനും നടപടിയുണ്ടാവും.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിരുന്നു. അത് എടുത്തുകളഞ്ഞ് നിയന്ത്രണം ശക്തമാക്കാനാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. വഖഫ് ബോര്‍ഡിന്റെ സ്വയംഭരണാവകാശം തകര്‍ക്കാനും മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഇടപെടല്‍ നടത്താനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു.
ഡല്‍ഹി വഖ്ഫ് ബോര്‍ഡ് നിയമനത്തിലെ അഴിമതി; എ.എ.പി നേതാവ് അമാനത്തുല്ല ഖാന്‍ അറസ്റ്റില്‍
വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ബില്ലിലുള്ള മറ്റൊരു നിര്‍ദേശം. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മുസ്ലിം നിയമപ്രകാരം മനുഷ്യ നന്മ, മതപരമായ ആവശ്യങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ ലക്ഷ്യമിട്ട് നീക്കിവയ്ക്കപ്പെടുന്ന ഭൂമിയും സ്വത്തുക്കളുമാണ് വഖഫ് സ്വത്തുക്കള്‍ എന്നപേരില്‍ അറിയപ്പെടുന്നത്. ദൈവപ്രീതി കാംക്ഷിച്ച് സ്വകാര്യ വ്യക്തികള്‍ ദാനം ചെയ്യുന്നവയാണ് ഈ സ്വത്തുക്കള്‍. ഇവ കൈകാര്യം ചെയ്യുന്നതിന് 1954ല്‍ കൊണ്ടുവന്ന നിയമമാണ് വഖഫ് നിയമം. ഇന്ത്യന്‍ സായുധ സേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഭൂ ഉടമയാണ് വഖഫ് ബോര്‍ഡ്. 2009ന് ശേഷം വഖഫ് ഭൂമി രണ്ടിരട്ടിയായി വര്‍ധിച്ചതായാണ് കണക്ക്.
വഖഫ് നിയമം 1995ലെ 40ആം വകുപ്പ് പ്രകാരം ഭൂമി ഏറ്റെടുക്കാനും സ്വത്ത് വഖഫ് സ്വത്ത് ആണോ എന്ന് പരിശോധിക്കുന്നതിന് അന്വേഷണം നടത്തി നോട്ടീസ് നല്‍കാനും വഖഫ് ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍, പുതിയ ഭേദഗതിയില്‍ ഇതിന് കാര്യമായ നിയന്ത്രണമുണ്ടാവും.





