|
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമഭേദഗതി ബില്ല് പരിശോധിക്കാനായി രൂപീകരിച്ച പാര്‍ലമെന്റിന്റെ സംയുക്തസമിതിയില്‍ (joint parliamentary committee- JPC) മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഉവൈസിയെ ഉള്‍പ്പെടുത്തിയപ്പോള്‍ അഞ്ച് എം.പിമാരുള്ള മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പുറത്ത്.
31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 17 പേരും ഭരണപക്ഷത്തുനിന്നുള്ള അംഗങ്ങളാണ്. ലോക്‌സഭയില്‍ നിന്ന് ഇരുപത്തൊന്നും രാജ്യസഭയില്‍ നിന്ന് പത്തും എം.പിമാരാണ് സമിതിയിലുള്ളത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നാല് അംഗങ്ങളുണ്ട്.
ലോക്‌സഭയില്‍ നിന്നുള്ള 21 എംപിമാര്‍: ജഗദാംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, ഗൗരവ് ഗൊഗോയ്, ഇമ്രാന്‍ മസൂദ്, മുഹമ്മദ് ബാനര്‍ ജാവേദ്, മൗലാന മൊഹിബുള്ള, കല്യാണ് മൊഹിബുള്ള, എ. ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കമൈത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ്, നരേഷ് ഗണ്‍പത് മ്ഹസ്‌കെ, അരുണ്‍ ഭാരതി, അസദുദ്ദീന്‍ ഒവൈസി.
രാജ്യസഭയില്‍ നിന്ന് 10 പേര്‍: ബ്രിജ് ലാല്‍, ഡോ. മേധാ വിശ്രം കുല്‍ക്കര്‍ണി, ഗുലാം അലി, ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, സയ്യിദ് നസീര്‍ ഹുസൈന്‍, മുഹമ്മദ് നദീം ഉല്‍ ഹഖ്, വി വിജയസായി റെഡ്ഡി, എം. മുഹമ്മദ് അബ്ദുല്ല, സഞ്ജയ് സിംഗ്, ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ.
ET Mohammed Basheer MP opposed the Introduction of The Waqf Amendment Bill 2024 on the grounds that it is violation of Article 15, 25, 26, 30 and 13 in Lok Sabha.
Watch pic.twitter.com/Q3db3Gkfle
— Maktoob (@MaktoobMedia) August 8, 2024
സമിതിയല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തില്‍നിന്ന് സമിതിയില്‍ ആരുമില്ല. ബില്ലിനെതിരെ മുസ്ലിം പക്ഷത്തുനിന്ന് കാര്യമായി സംസാരിച്ച ഒരാളെന്ന നിലയിലും ഇരുസഭകളിലുമായി കൂടുതല്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടി എന്ന നിലയിലും ലീഗ് അംഗം സമിതിയില്‍ ഉണ്ടാകേണ്ടതായിരുന്നു. അവഗണനയില്‍ ലീഗിന് പ്രതിഷേധമുണ്ടെങ്കിലും ഇക്കാര്യം പാര്‍ട്ടി പരസ്യമായി അറിയിച്ചിട്ടില്ല.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അടക്കം നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച രാത്രി ലോക്‌സഭാംഗങ്ങള്‍ക്കിടയില്‍ ബില്ലിന്റെ പകര്‍പ്പ് വിതരണം ചെയ്തു.
അമുസ്ലിംകളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വഖഫ് നിയമഭേദഗതി ബില്ലിലുണ്ട്. ബില്‍ പാസായാല്‍ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളത്.
പുതിയ ബോര്‍ഡില്‍ കേന്ദ്ര മന്ത്രി, മൂന്ന് എംപിമാര്‍, മുസ്ലിം സംഘടനകളുടെ മൂന്ന് പ്രതിനിധികള്‍, മൂന്ന് മുസ്ലിം നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. രണ്ട് മുന്‍ ജഡ്ജിമാര്‍, ദേശീയ തലത്തില്‍ അറിയപ്പെടുന്ന നാല് പ്രമുഖര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ബോര്‍ഡിന്റെ ഭാഗമാവും. എംപിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുസ്ലിം ആവണമെന്ന നിബന്ധനയില്ലാത്തതിനാല്‍ ഇനി മുതല്‍ അമുസ്ലിംകളും വഖഫ് ബോര്‍ഡില്‍ അംഗമാവും. അംഗങ്ങളില്‍ രണ്ടു പേര്‍ വനിതകളായിരിക്കണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികള്‍ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഭേദഗതികള്‍
* ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരംനല്‍കുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കി
* അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവില്‍ മുസ്ലിം ഇതരര്‍ക്കും വഖഫ് നല്‍കാം
* രേഖാമൂലമുള്ള കരാര്‍ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവില്‍ ഡീഡ് വഴിയോ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു
* വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി
* വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം
* കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉള്‍പ്പെടുത്തും
* വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും
* മക്കളുടെപേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല
* സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല
* ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍
* ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
* വഖഫ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം
Waqf Bill: AIMIM Owaisi included in the joint committee But IUML ET Mohammed Basheer out





