ക്രൈസ്തവ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ആവശ്യപ്പെടുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന അവകാശവാദവുമായി സീറോ മലബാര്‍ സഭ അല്‍മായ ഫോറം.(The Syro-Malabar Sabha Almaya Forum asked central agencies to investigate the need for prayer space in Christian institutions)
|
മൂവാറ്റുപുഴ നിര്‍മല കോളേജിലും പിന്നാലെ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ അന്വേഷിക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു.
വ്യക്തമായ അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന അധാര്‍മിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തില്‍ ആവശ്യമായിരിക്കുന്നു. മതമൗലികവാദം ഭീകരവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറപിടിച്ച് നിസ്സാരകാര്യങ്ങള്‍ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്. ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാന്‍ കഴിയില്ല.
ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടര്‍ച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണവും മേല്‍നടപടികളും അടിയന്തരമായി അല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിസ്‌കാരസ്ഥലം ഒരിക്കലും അനുവദിക്കാനാവില്ല. ക്രൈസ്തവ സ്ഥാപനങ്ങളിലെ നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്.
ക്യാമ്പസുകള്‍ പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകര്‍ക്കാനോ ഉള്ള സ്ഥലമല്ല. ക്രൈസ്തവ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നതും ആശങ്കാജനകമാണ്. ആസൂത്രിതമായ മത അധിനിവേശത്തിന്റെ ഉദാഹരണങ്ങളാണോയെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും അല്‍മായ ഫോറം ആവശ്യപ്പെടുന്നു.
അതേസമയം, മൂവാറ്റുപുഴ നിര്‍മല കോളജില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉച്ച സമയത്ത് സമീപത്തെ പള്ളിയില്‍ പോവുകയായിരുന്നു പതിവ്. ചില കുട്ടികള്‍ വര്‍ഷങ്ങളായി സ്‌കൂളിലെ വിശ്രമ മുറിയില്‍ ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു ചെയ്തിരുന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് വരുമ്പോള്‍ സമയം വൈകുകയും ഒരു പിരീഡ് ഹാജര്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, വിശ്രമ മുറിയില്‍ നമസ്‌കരിക്കുന്നത് സ്‌കൂളിലെ ഒരു ജീവനക്കാരന്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ പ്രശ്‌നം എത്തിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെ പള്ളിയില്‍ പോകാന്‍ അനുവദിക്കുകയും വൈകിയെത്തിയാല്‍ ഹാജര്‍ നഷ്ടപ്പെടില്ലെന്ന് അറിയിക്കുകയുമായിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടെന്ന് സ്‌കൂള്‍ അധികൃതരും സമീപത്തെ മഹല്ല് ഭാരവാഹികളും അറിയിക്കുകയും ചെയ്തിരുന്നു.





