26
Aug 2024
Mon
26 Aug 2024 Mon
punish all accusers if accusation found them guilty after investiagation says Pritviraj

കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ ആരോപണവിധേയർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് നടനും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ അം​ഗവുമായ പൃഥ്വിരാജ് സുകുമാരൻ. റിപോർട്ടിലെ ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടായാൽ മാത്രമെ ഇതിന് ഇവസാനം ഉണ്ടാക്കാൻ സാധിക്കൂവെന്നും പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിനേതാക്കളായ മണിയൻ പിള്ളരാജു, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ഷൈൻ ടോം ചാക്കോ, ജയസൂര്യ, സംവിധായകൻ രഞ്ജിത്ത് തുടങ്ങി ഒട്ടേറെ പേർക്കെതിരേ ഹേമ കമ്മിറ്റി റിപോർട്ടിലും അല്ലാതെയുമായി ലൈം​ഗിക ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രദ്ധേയമായ പ്രതികരണവുമായി പൃഥ്വിരാജ് രം​ഗത്തുവന്നത്.

ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷാനടപടികൾ ഉണ്ടാവണമെന്നും പൃഥ്വി രാജ് വ്യക്തമാക്കി. ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതിൽ നിയമ തടസ്സമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപോർട്ടിൽ ഞെട്ടലില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. കുറ്റകൃത്യങ്ങളിൽ തുടർനടപടി എന്താണെന്ന് അറിയാൻ നിങ്ങളെപോലെ എനിക്കും ആകാക്ഷയുണ്ട്. പരാതികളിൽ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളിൽ എഎംഎംഎയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതിൽ സംശയമില്ല. തനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കും എന്ന് പറയുന്നതിലും താൻ ഇതിന്റെ ഭാഗമാകില്ല എന്ന് പറയുന്നിടത്തും തീരുന്നില്ല ഒരാളുടെയും ഉത്തരവാദിത്തമെന്നും താരം പറഞ്ഞു.

എഎംഎംഎ തിരുത്തണം. ശക്തമായ ഇടപെടൽ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണം വരികയാണെങ്കിൽ അതിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദ. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം. പവർ അതോറിറ്റിയെ താൻ അഭിമുഖീകരിച്ചിട്ടില്ലായെന്ന് പറഞ്ഞാൽ തീരില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

നടി പാർവതിക്ക് മുമ്പ് മലയാളം സിനിമയിൽ നിന്നു വിലക്ക് നേരിട്ടയാൾ താനാണെന്ന കാര്യവും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ഡബ്ല്യൂസിസി അംഗങ്ങൾ ഉൾപ്പെടെ എഎംഎംഎ സംഘടനയുടെ ഭാഗമാക്കേണ്ടതില്ലേയെന്ന ചോദ്യത്തോട് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഉണ്ടാവേണ്ടത്. അങ്ങനെയൊരു ഭാവി ഉണ്ടാവട്ടെയെന്ന് പ്രത്യാശിക്കുന്നു. സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകണം. അങ്ങനെയുള്ള അവകാശമോ അധികാരമോ ആർക്കും ഇല്ല. എല്ലാ സംഘടനയുടെ തലപ്പത്തും വനിതാ പ്രാതിനിധ്യം ഉണ്ടാകണം. അതിൽ എഎംഎംഎയ്ക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇടവേള ബാബു എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് ആരോപണ പശ്ചാത്തലത്തിൽ രാജിവച്ചിരുന്നു.